പീഡനക്കേസില്‍ എം. വിന്‍സെന്‍റ് എം.എല്‍.എയ്ക്ക് ജാമ്യം

single-img
24 August 2017

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റിന് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്ന ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജാമ്യം അനുവദിച്ചത്.

പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു മാസത്തിലേറെയായി വിന്‍സെന്റ് ജയിലിനുളളില്‍ ആയിട്ട്. ജൂലൈ 22നാണ് അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി.

ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ വിന്‍സെന്റ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പൊലീസ് പറയുന്നു. പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ പാര്‍ട്ടി നീക്കം ചെയ്തിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ എന്നാണ് വിന്‍സെന്റിന്റെ വാദം.