വടക്കാഞ്ചേരി പീഡനം: സിപിഎം കൗൺസിലർക്ക് അനുകൂലമായി നുണപരിശോധനാ ഫലം

single-img
24 August 2017

തൃശൂര്‍: സിപിഎം കൗണ്‍സിലര്‍ ജയന്തന് അനുകൂലമായി വടക്കാഞ്ചേരി പീഡനക്കേസിലെ നുണപരിശോധനാ ഫലം. ജയന്തന്‍ ഉള്‍പ്പെടെ കേസിലെ നാല് പ്രതികളെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. കേസില്‍ ഇവരെ ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും തന്നെ നുണപരിശോധനയില്‍ ലഭിച്ചിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം.

വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായ ജയന്തന്‍, സുഹൃത്തുക്കളായ ജിനീഷ്, ബിനീഷ്, ഷിബു എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. നുണപരിശോധനാ ഫലം അടങ്ങുന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. പരാതിക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ഹാജരാക്കാന്‍ വിസമ്മതിച്ചെന്നും, ജയന്തന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. പരാതിക്കാരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് കേസുമായി മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണെന്ന് പോലീസ് കോടതിയെ അറിയിക്കും.

ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നും പോലീസ് അന്ന് കേസ് മുക്കിയെന്നുമായിരുന്നു യുവതി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബലാല്‍സംഗ വിവരം പുറത്ത് വിട്ടത്. ഭരണകക്ഷിയുടെ കൗണ്‍സിലര്‍ തന്നെ ബലാല്‍സംഗക്കേസില്‍ പ്രതിയായത് വലിയ വിവാദമായിരുന്നു.

തങ്ങള്‍ നിരപരാധികളാണെന്നും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ജയന്തനും മറ്റുള്ളവരും കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്.