ശൈലജയ്ക്ക് ‘കുരുക്കിട്ട്’ ലോകായുക്ത: ബാലാവകാശ നിയമനത്തില്‍ അന്വേഷണത്തിന് ഉത്തരവ്

single-img
24 August 2017

തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ നിയമന വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. മന്ത്രി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിക്ക് മുന്‍പാകെ ഹാജരാകണമെന്നും ലോകായുക്ത വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. നിയമനത്തില്‍ ക്രമക്കേട് നടന്നതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ലോകായുക്ത വിലയിരുത്തി. ബാലാവകാശ കമ്മീഷനില്‍ സിപിഎം നേതാവ് ടി.ബി സുരേഷിനെ ക്രമവിരുദ്ധമായി നിയമിക്കാന്‍ മന്ത്രി ഇടപെട്ടു എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മന്ത്രിക്ക് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമേറ്റിരുന്നു.

അതിനിടെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം തുടരുകയാണ്. മന്ത്രിയെ കോടതി രേഖാമൂലം വിമര്‍ശിച്ചിട്ടില്ലെന്നും കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. സുരേഷിനെ നിയമിക്കാന്‍ വേണ്ടി മന്ത്രി ഇടപെട്ട് അപേക്ഷാ തീയതി നീട്ടി എന്നും ഇത് സദുദ്ദേശപരമെന്ന് കരുതാനാകില്ലെന്നുമായിരുന്നു കോടതി പരാമര്‍ശം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ലോകായുക്ത അന്വേഷണത്തോടെ ശക്തമാകും.