സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി

single-img
24 August 2017

സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി. ആധാറുമായി ബന്ധപ്പെട്ട കേസിലാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രിം കോടതിയുടെ സുപ്രധാന വിധി വന്നത്.

ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദംകേട്ട് വിധി പ്രസ്താവം നടത്തിയത്. സ്വകാര്യതയെപ്പറ്റി കഴിഞ്ഞ 50 വര്‍ഷങ്ങളായി സുപ്രീംകോടതി ഉണ്ടാക്കിയെടുത്ത കാഴ്ച്ചപ്പാടുകള്‍ പൊളിച്ചെഴുതുന്നതാണ് പുതിയ വിധി.

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിക്കുന്ന സുപ്രധാന വിധിയാണിത്. 1954ലെയും 1962ലെയും വിധികള്‍ ഇതോടെ അസാധുവായി. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറും ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, എസ്.എ.ബോബ്‌ഡെ, ആര്‍.കെ.അഗര്‍വാള്‍, റോഹിന്റന്‍ നരിമാന്‍, അഭയ് മനോഹര്‍ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.

സ്വകാര്യത മൗലികാവകാശമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. സ്വകാര്യത മൗലിക അവകാശമല്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. അതേസമയം, കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് വിലയിരുത്തപ്പെടുന്നു.

സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 മാര്‍ച്ച് 15ന് എം.പി.ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചും, 1962 ഡിസംബര്‍ 18ന് ഖടക് സിങ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധികളാണ് ഇന്ന് അസാധുവായത്. ഭരണഘടനയുടെ 21–ാം അനുച്ഛേദത്തിന്റെ ഭാഗമാണു സ്വകാര്യതയെന്നും കോടതി നിലപാടെടുത്തു.

ആധാര്‍ പദ്ധതി നടപ്പാക്കിയത് നിയമത്തിന്റെ പിന്‍ബലമില്ലാതെയാണ്. ആധാര്‍ നിര്‍ബന്ധമാക്കണോയെന്നത് അഞ്ചംഗ ബെഞ്ച് തീരുമാനിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ഇതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള സംഭവങ്ങള്‍ ചോദ്യം ചെയ്യപ്പെടും.

ഒപ്പം തന്നെ പോലീസിന് സംശയമുള്ളവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താനുള്ള അവകാശമടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടും. നേരത്തെ സുപ്രീംകോടതി തീര്‍പ്പാക്കിയ വാട്‌സാപ്പ് പ്രൈവസി കേസ് അടക്കമുള്ളവ പുനപരിശോധിക്കാനും വിധി വഴി തുറക്കും.

സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒന്‍പതംഗ ബെഞ്ചിനു വിട്ടു. ഈ വിധി ശരിയാണോയെന്നതാണ് ഒന്‍പതംഗ ബെഞ്ച് പരിശോധിച്ചത്.