സ്വകാര്യതയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതെന്തൊക്കെ?

single-img
24 August 2017

ന്യൂഡല്‍ഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതോടെ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് കേന്ദ്ര സര്‍ക്കാരിനാണ്. സ്വകാര്യത ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്.

സ്വകാര്യതയുടെ ഈ അതിരില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുമെന്നും നിലവില്‍ നിയന്ത്രണമുള്ള എന്തെല്ലാം സംഗതികള്‍ ഒഴിവാക്കപ്പെടും എന്നിടത്താണ് ഈ വിധിയുടെ പ്രസക്തി. അതുകൊണ്ടുതന്നെ ചരിത്രപരമായ വിധി എന്നതിനപ്പുറം മുന്നോട്ടുള്ള നിരവധി കേസുകളിലും ഈ വിധി നിര്‍ണ്ണായകമാവും എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ആധാറുള്‍പ്പെടെയുള്ള 24 കേസ്സുകളില്‍ ഈ വിധി വലിയ സ്വാധീനം ചെലുത്തും. കോടതിവിധി പ്രതികൂലമായതോടെ ബീഫ് നിരോധനം, സ്വവര്‍ഗ ലൈംഗികത, വാട്‌സാപ്പ് എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനു നിലപാട് തിരുത്തേണ്ടി വരും.

2012 ല്‍ ആധാര്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോഴാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന ചോദ്യം സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിയത്. ആധാര്‍ ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നുവോ എന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചത്. ഇതോടെ ആധാര്‍ കാര്‍ഡ് സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമല്ല എന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി മുമ്പാകെ തെളിയിക്കേണ്ടി വരും. ഇത് സര്‍ക്കാരിന് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ മാത്രമേ ആധാര്‍ കേസില്‍ സര്‍ക്കാറിന് ഭരണഘടനാ സാധുത നേടിയെടുക്കാനാവൂ.

ഗ്യാസ് സബ്‌സിഡി, പെന്‍ഷന്‍ പോലുള്ള ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ തുടര്‍ന്നു ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ പൗരന്മാരുടെ സ്വകാര്യതയില്‍ കടന്നുകയറാനുള്ള സര്‍ക്കാര്‍ ശ്രമം ഇനി നടക്കില്ല. സകല ഇടപാടുകള്‍ക്കും ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുക സാധ്യമല്ല. ആധാറിലൂടെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തടസ്സമുണ്ടാകും. മാത്രമല്ല, ആധാര്‍ ഇല്ലെങ്കിലും പൗരനു സേവനങ്ങള്‍ നല്‍കേണ്ടി വരും. എടിഎം പോലുള്ള മറ്റ് ഡിജിറ്റല്‍ ഇടപാടുകളിലെ ഡേറ്റകള്‍ ഹാക്കര്‍മാരിലേക്കു ചോര്‍ന്നുപോകാതെ സംരക്ഷിക്കേണ്ട ചുമതലയും സര്‍ക്കാരിനു തന്നെ.

ആധാര്‍ വിഷയം പോലെതന്നെ ഈ വിധി ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ പോവുന്നത് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങളെയാണ്. സ്വവര്‍ഗാനുരാഗം നിയമപരമാക്കണം എന്ന ആവശ്യവും ഇനി കോടതിയിലെത്തും. സ്വവര്‍ഗ്ഗ ലൈംഗികത ഡല്‍ഹി ഹൈക്കോടതി മുമ്പ് നിയമപരമാക്കിയിരുന്നു.

എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗം കുറ്റമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്ന് പറഞ്ഞു കൊണ്ട് ഡല്‍ഹി ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി പിന്നീട് റദ്ദാക്കുകയായിരുന്നു. നിലവില്‍ സ്വകാര്യത മൗലികാവകാശമാണെന്ന വിധിയെ മുന്‍നിര്‍ത്തി സ്വവര്‍ഗ്ഗാനുരാഗം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് ഇനിയും സുപ്രീം കോടതിയെ സമീപിക്കാം. അപ്പോള്‍ സ്വാഭാവികമായും സ്വവര്‍ഗ്ഗാനുരാഗ വിധിയെയും നിയമ നിര്‍മ്മാണത്തെയും പുതിയ വിധി സ്വാധീനിക്കും.

ബീഫ് നിരോധനം മൂലം രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളും ഇതോടെ ഇല്ലാതാക്കാനാവുമെന്നാണ് കരുത്തുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നിലവില്‍ ബീഫ് നിരോധനമുണ്ട്. കശാപ്പിനായുള്ള കന്നുകാലി കച്ചവടം നിയന്ത്രിച്ചതിലൂടെ കേന്ദ്ര സര്‍ക്കാരും ഫലത്തില്‍ രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പിലാക്കുകയായിരുന്നു. ബീഫ് നിരോധനം ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് വാദം, അതായത് ഇഷ്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്രത്തിന്‍മേലുള്ള വെല്ലുവിളി. അതുകൊണ്ടുതന്നെ എന്ത് കഴിക്കണമെന്നത് ഒരാളുടെ മൗലികാവകാശമാണെന്ന തരത്തിലേക്കുള്ള ചര്‍ച്ചകള്‍ക്കും ഈ വിധി വഴിവെക്കും.

നേരത്തെ സുപ്രീംകോടതി തീര്‍പ്പാക്കിയ വാട്‌സാപ്പ് പ്രൈവസി കേസ് അടക്കമുള്ളവ പുനപരിശോധിക്കാനും ഈ വിധി ഇടവരുത്തുമെന്ന നിരീക്ഷണവുമുണ്ട്. വാട്‌സാപ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തി കൈമാറുന്ന സ്വകാര്യ വിവരങ്ങള്‍ വാണിജ്യാവശ്യത്തിനു അവരറിയാതെ ഉപയോഗിക്കുന്ന പ്രവണതയുണ്ട്. രാജ്യത്തെ പ്രധാന ടെക് കമ്പനികളെല്ലാം വ്യക്തികളുടെ വിവരങ്ങള്‍ സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ട്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഏജന്‍സികളും വിവരശേഖരണം നടത്തുന്നുണ്ട്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങി മുന്‍നിര കമ്പനികള്‍ ഇന്ത്യയില്‍ നിലപാട് മാറ്റേണ്ടിവരും.

സമൂഹമാധ്യമത്തിലെ സ്വകാര്യത സംരക്ഷിക്കണമെങ്കില്‍ അതില്‍നിന്നു മാറിനിന്നുകൂടെ എന്നായിരുന്നു നേരത്തെ കോടതി ചോദിച്ചത്. എന്നാല്‍ പുതിയ വിധിയിലൂടെ ഉത്തരവാദിത്തം സര്‍ക്കാരിനായി. പൗരന്മാരുടെ വാട്‌സാപ്പിലെ സ്വകാര്യ ഡേറ്റകള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയേണ്ടതില്ലെന്നുമാണ് വിധിയിലൂടെ വ്യക്തമാവുന്നത്. മൊബൈല്‍ ഫോണും സമൂഹമാധ്യമങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ ഇന്നത്തെ കാലത്ത് സ്വകാര്യതാനയം കമ്പനികളും സര്‍ക്കാരുകളും പുതുക്കേണ്ടി വരും.