സ്വകാര്യത മൗലികാവകാശമാണോ?: വിധി ഇന്ന്

single-img
24 August 2017

സ്വകാര്യത മൌലികാവകാശമാണോയെന്ന കാര്യത്തില്‍ സുപ്രിം കോടതിയുടെ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് രാവിലെ 10.30ന് വിധി പ്രസ്താവിക്കുന്നത്.

ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

ആധാറിന്റെ ഭരണഘടന സാധുത പരിശോധിക്കുന്നതിനിടെയാണ് സ്വകാര്യത സംബന്ധിച്ച നിര്‍ണ്ണായക ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സുപ്രിം കോടതി തീരുമാനിച്ചത്. അതിനാല്‍ ഇന്നത്തെ വിധി ആധാറുമായി ബന്ധപ്പെട്ട കേസുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും.

ആധാര്‍ പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നും, അതിനാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആരോപിച്ചുള്ള പൊതുതാല്‍പര്യ ഹർജികള്‍ പരിശോധിക്കവേയാണ്, സ്വകാര്യത മൌലികാവകാശമാണോയെന്ന ചോദ്യം സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുന്നില്‍ ഉയര്‍ന്നത്.