സൗദിയില്‍ വീണ്ടും നിതാഖത്ത് പരിഷ്‌കരണം; ബ്ലോക്ക് വിസകള്‍ പരിമിതപ്പെടുത്തി

single-img
24 August 2017

റിയാദ്: സൗദിയിലെ പരിഷ്‌കരിച്ച നിതാഖത്ത് നടപടികള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകും. സെപ്തംബര്‍ മുതല്‍ കമ്പനികള്‍ക്ക് ഒരുമിച്ച് തൊഴിലാളികളെ എത്തിക്കാന്‍ സാധിക്കുന്ന ബ്ലോക്ക് വിസകള്‍ ഇനി ഏതാനും സ്ഥാപനങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. സ്വദേശി തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങള്‍ തൊഴില്‍ നല്‍കുന്നത് ഉറപ്പ്‌വരുത്താനാണ് പുതിയ മാനദണ്ഡം.

ഇതുപ്രകാരം സ്ഥാപനങ്ങളുടെ ഗ്രേഡ് അനുസരിച്ച് മാത്രമേ ബ്ലോക്ക് വിസക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഉയര്‍ന്ന ഗ്രേഡുള്ള സ്ഥാപനങ്ങളൊഴികെ മറ്റു സ്ഥാപനങ്ങള്‍ക്കൊന്നും ബ്ലോക്ക് വിസക്ക് അപേക്ഷിക്കാന്‍ കഴിയില്ല. ബ്ലോക്ക് വിസകള്‍ വഴി നിരവധി ഇന്ത്യക്കാരാണ് സൗദിയിലെത്തിയിരുന്നത്.

പുതിയ നിയന്ത്രണം വരുന്നതോടെ ഇതിന് വലിയ തിരിച്ചടിയാകും. എണ്ണവിപണയില്‍ കടുത്ത പ്രതിസന്ധി നേരിട്ടതോടെ സൗദി കടുത്ത സാമ്പത്തിക പരിഷ്‌കരണമാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് സ്വദേശികളെ തൊഴില്‍ മേഖലകളില്‍ എത്തിക്കുന്ന നിതാഖാത്ത് നടപടികളുടെ പരിഷ്‌കരണം.

പ്രവൃത്തി പരിചയം കുറഞ്ഞ വിദേശ എഞ്ചിനീയര്‍മാരുടെ റിക്രൂട്ടിംഗ് സൗദി തൊഴില്‍ സാമൂഹികവികസന മന്ത്രാലയം കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിവെച്ചിരുന്നു. അഞ്ചുവര്‍ഷം പരിചയത്തിനുപുറമേ സൗദിയിലേക്കുവരുന്ന വിദേശ എന്‍ജിനീയര്‍ക്ക് തൊഴില്‍മേഖലയില്‍ എത്രത്തോളം അവബോധമുണ്ടെന്ന് മനസ്സിലാക്കുന്നതിനായി സൗദി എന്‍ജിനീയര്‍ കൗണ്‍സില്‍ നടത്തുന്ന തൊഴില്‍ പരീക്ഷയിലും ഇന്റര്‍വ്യൂവിലും വിജയിക്കണമെന്നും തൊഴില്‍ മന്ത്രാലയം നിബന്ധനവെച്ചു.

സ്വദേശി എന്‍ജിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് സൗദി എന്‍ജിനീയറിങ് കൗണ്‍സിലും മന്ത്രിസഭയും ഈ തീരുമാനം കൈക്കൊണ്ടത്.
നേരത്തെ ഒരു വിദേശ എഞ്ചിനീയറെ റിക്രൂട്ട് ചെയ്യാന്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ജോബ് ടെസ്റ്റും ഇന്റര്‍വ്യൂവും നിര്‍ബന്ധമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിത്തുടങ്ങിയ ഈ തീരുമാനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം നിലവില്‍ വരുന്നത്.

അതേസമയം സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ പ്രൊഫഷന്‍ മാറുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റിനല്‍കുന്നത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ത്തി വെക്കുകയായിരുന്നു. ഇതോടെ പ്രവാസികള്‍ക്ക് ഇനി മുതല്‍ മറ്റ് ജോലികളിലേക്ക് മാറാന്‍ സാധിക്കാതെ ഇഖാമയില്‍ രേഖപ്പെടുത്തിയ അതേ ജോലിയില്‍ തന്നെ തുടരേണ്ടി വരും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രഫഷനുകളിലുള്ള വിസകള്‍ പലപ്പോഴും അനുവദിക്കാറില്ല. കിട്ടിയ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രഫഷന്‍ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്. ഇനി മുതല്‍ ഇഖാമയില്‍ രേഖപ്പെടുത്തിയതില്‍ നിന്നു വ്യത്യസ്തമായ ജോലിയില്‍ ഏര്‍പ്പെടുന്നതു നിയമലംഘനമാകുന്നതോടെ കമ്പനികളും വെട്ടിലാവും. മാത്രമല്ല, കുടുംബവിസകള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായി താല്‍ക്കാലികമായി പ്രൊഫഷന്‍ മാറിയിരുന്നവരും പ്രതിസന്ധിയിലാകും. നിലവില്‍ ഫാമിലി, വിസിറ്റ് വിസകള്‍ ലഭിക്കുന്നതിനായി താല്‍ക്കാലികമായി മറ്റ് പ്രൊഫഷനുകളിലേക്ക് മാറിയവര്‍ക്ക് മുന്‍ പ്രൊഫഷനിലേക്ക് ഇനി തിരിച്ചുവരാന്‍ കഴിയില്ല.

എന്‍ജിനീയറിങ്ങിലേക്ക് വിദേശികളുടെ പ്രഫഷന്‍ മാറ്റുന്നത് അടുത്തിടെ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചിരുന്നു. സൗദി എന്‍ജിനീയര്‍മാര്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസുമായി നേരിട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ഇതു ബാധകമാക്കിയത്.

സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാലമത്രയും മറ്റു പ്രൊഫഷനുകളിലുള്ള വിസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് പ്രൊഫഷന്‍ മാറ്റുകയാണ് ചെയ്തിരുന്നത്. പുതിയ തീരുമാനം സൗദിയില്‍ ജോലി ചെയ്യുകയും പുതിയ വിസകളില്‍ സൗദിയിലേക്ക് വരുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാകും.