സൗദിയില്‍ പ്രവൃത്തി പരിചയം ഇല്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് വിസ നല്‍കില്ല

single-img
24 August 2017

പ്രവൃത്തി പരിചയം കുറഞ്ഞ വിദേശ എഞ്ചിനീയര്‍മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ തീരുമാനം. സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലും മന്ത്രിസഭയും ഇത്തരമൊരു തീരുമാനം കൈകൊണ്ടിട്ടുള്ളത്.

അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയമെങ്കിലും ഇല്ലാത്ത വിദേശ എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. തൊഴില്‍മേഖലയില്‍ എഞ്ചിനീയര്‍മാര്‍ക്ക് എത്രമാത്രം അവബോധമുണ്ടെന്ന് മനസ്സിലാക്കുന്നതിന് സൗദി എഞ്ചിനീയര്‍ കൗണ്‍സില്‍ തൊഴില്‍ പരീക്ഷ നടത്തും. പരീക്ഷയും ഇന്റര്‍വ്യൂവും വിജയിക്കണമെന്നും തൊഴില്‍ മന്ത്രാലയം നിബന്ധന ഉണ്ടാക്കിയിട്ടുണ്ട്.

നേരത്തെ ഒരു വിദേശ എഞ്ചിനീയറെ റിക്രൂട്ട് ചെയ്യാന്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ജോബ് ടെസ്റ്റും ഇന്റര്‍വ്യൂവും നിര്‍ബന്ധമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിത്തുടങ്ങിയ ഈ തീരുമാനത്തിന് പിറകെയാണ് പുതിയ തീരുമാനം നിലവില്‍ വരുന്നത്.