ബലാത്സംഗക്കേസില്‍ ആള്‍ദൈവത്തിന്റെ വിധി ; പഞ്ചാബില്‍ അവധി

single-img
24 August 2017

ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം റാം റഹിം സിംഗ് ഉള്‍പ്പെട്ട ബലാത്സംഗക്കേസില്‍ നാളെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ദേരാ സച്ചാ സൗധ തലവന്‍ റാം റഹീം സിംഗിന് എതിരായി വിധി വന്നാല്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങള്‍ നേരിടാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമായാണ് അവധി.

പഞ്ച് കുള സിബിഐ കോടതിയാണ് നാളെ വിധി പ്രഖ്യാപിക്കുന്നത്. റാം റഹീം സിംഗിന്റെ ലക്ഷക്കണക്കിന് വരുന്ന അനുയായികള്‍ പഞ്ച് കുളയില്‍ തമ്പടിച്ചിരിക്കുകയാണ്. ഏകദേശം രണ്ടര ലക്ഷത്തോളം പേര്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതല്‍ പേര്‍ സ്ഥലത്തേക്ക് എത്തുമെന്നാണ് സുരക്ഷാസേനകള്‍ കരുതുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടത്തെ തടയാനാകാത്ത സ്ഥിതിയാണുള്ളത്.

15000 അര്‍ധസൈനികരെയാണ് സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമേ 5000 പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ധാക്കി. പഞ്ച് കുള ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

അനുയായികളായ രണ്ടു സന്യാസിനികളെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ റാം റഹീം സിംഗിനെതിരെ കേസെടുക്കാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതികള്‍ 2002 ലാണ് ഉത്തരവിട്ടത്. അന്വേഷണം നടത്തിയ സിബിഐ 2007 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് നാളെ വിധി പറയാനിരിക്കുന്നത്. വിധി ആള്‍ദൈവത്തിന് എതിരായാല്‍ അനുയായികളുടെ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള അക്രമം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.