ആര്‍.എസ്.എസിന് വഴിമരുന്നിടുന്ന പണി കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
24 August 2017

തിരുവനന്തപുരം: ആര്‍.എസ്.എസിന് വഴിമരുന്നിട്ട് കൊടുക്കുന്ന പണി ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന് വര്‍ഗീയത വളര്‍ത്താനുള്ള അവസരമൊരുക്കരുതെന്നും ലഘുലേഖ വിതരണം ആര്‍.എസ്.എസിന് ഹരവും അവസരവുമായെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് നാട്ടില്‍ എന്ത് പ്രശ്‌നമുണ്ടാക്കണം എന്ന് കരുതി നടക്കുന്നവരാണ്. അവര്‍ക്ക് മരുന്നിട്ട് കൊടുക്കുന്ന പണി ആരും നടത്താതിരിക്കുന്നതാണ് നല്ലത്. ആര്‍.എസ്.എസിന് സ്വാധീനമുള്ള മേഖലയിലാണ് മുജാഹിദ് പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്തത്.

അതില്‍ രണ്ടെണ്ണത്തില്‍ പ്രശ്‌നമൊന്നുമില്ല എന്നാല്‍ ഒരെണ്ണത്തില്‍ പറയുന്നത് ‘നാം ഇന്ന് എന്തിന്റെ പിറകെയാണ് ? ആരോടാണ് പ്രാര്‍ത്ഥിക്കുന്നത് ? വിഗ്രഹങ്ങളോട് ജീവിക്കുന്നവരോ മരിച്ചവരോ ആയ ആള്‍ദൈവങ്ങളോട് പുണ്യാളന്‍മാര്‍ ഔലിയ ബീവി സിദ്ധന്‍. പാടില്ല സുഹൃത്തെ, ഇവരൊക്കെയും ആ മഹാനായ സൃഷ്ടാവിന്റെ സൃഷ്ടിമാത്രം. ഇവരൊന്നിച്ച് കൂടിയാല്‍ പോലും ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കില്ല’ എന്നാണ്.

ഇങ്ങനെ ഒരു വിഭാഗത്തിന് വിശ്വസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അങ്ങനെയല്ലാതെ വിശ്വസിക്കുന്നവരുടെ അടുത്ത് ചെന്നിട്ട് ഇത് പറയേണ്ട കാര്യമില്ല. ലഘുലേഖ വിതരണം ചെയ്തവരെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം ഐ.ജി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.