ഓര്‍മ്മയില്‍ ഒരു ബാല്യകാല ഓണം

single-img
24 August 2017

ജി. ശങ്കര്‍

Oonjal1ഓണം പൊന്നോണം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴഞ്ചൊല്ല്. പണ്ട് മാവേലി എന്നൊരു അസുര രാജാവ് കേരളം വാണിരുന്നു എന്നാണ് ഐതിഹ്യം. അദ്ദേഹത്തിന്റെ ഭരണകാലത്ത് പാവപ്പെട്ടവനെന്നോ വലിയവനെന്നോ വ്യത്യാസമല്ലായിരുന്നു. അതുകൊണ്ടാണ് മഹാബലിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു പദം എപ്പോഴും കേരളീയരുടെ ചുണ്ടില്‍ നിന്നും മായാതെ നില്‍ക്കുന്നത്. ‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ഈരടികള്‍ ഓണക്കാലമാകുമ്പോള്‍ മലയാളികളുടെ ചുണ്ടുകളില്‍ സ്ഥാനം പിടിക്കുന്നത് പട്ടിണിയില്ല, അല്ലലില്ല എല്ലാ ജനങ്ങളും സുഭിക്ഷര്‍ എന്നൊക്കെയാണു ഐതിഹ്യം. ഇന്നതൊന്നും പറയാന്‍ പറ്റില്ല. ഉള്ളവനുണ്ട് ഇല്ലാത്തവനില്ല. ഭരണാധികാരികളെയോ ബന്ധുക്കളെയോ അയല്‍വാസികളെയോ അന്വേഷിക്കാറില്ല എന്നതും ഒരു സത്യം. ബ്ലേഡുകാരുടെയും തീവെട്ടികൊള്ള എടുക്കുന്ന പണ മാഫിയകളുടെയും കാലമായി മാറിയിരിക്കുന്നു. മഹാബലിയുടെ ഈ ഭരണം കണ്ട് ദേവലോകം തന്നെ അസൂയാലുക്കളായി. അങ്ങനെ തങ്ങളെ കവച്ചു വെച്ച് ഒരു അസുരചക്രവര്‍ത്തി നല്ലവനാകണ്ട എന്ന് ദേവന്‍മാര്‍ അസൂയാലുക്കളായി. എങ്ങനെയും ജനസമ്മതനായ ഈ അസുര മഹാരാജാവിനെ നിഗ്രഹിക്കുക എന്ന ഗൂഢലക്ഷ്യവുമായി ദേവന്‍മാര്‍ മഹാവിഷ്ണുവിനെ സമീപിച്ചു. അങ്ങനെ മഹാബലിയെ നിഗ്രഹിക്കാനുള്ള ശ്രമം മഹാവിഷ്ണു ഏറ്റെടുത്തു. എല്ലാത്തിനോടും കനിവും സ്‌നേഹവും നല്‍കുന്ന മഹാബലിയെ വിഷ്ണു വാമനന്റെ അവതാരത്തില്‍ മഹാബലിയെ സമീപിച്ചു. തനിക്കു തല ചായ്ക്കാന്‍ ഇടമില്ലെന്നും മൂന്നടി മണ്ണ് ദാനമായി നല്‍കണമെന്നും അപേക്ഷിച്ചു. മഹാബലി അതിശയിച്ചു. തന്റെ രാജ്യത്ത് ഒരു തരി പോലും ഇല്ലാത്ത പ്രജകളോ?. അദ്ദേഹം നിസംശയം അതിന് അനുമതി നല്‍കി. മഹാബലി അറിയുന്നുണ്ടോ ഇത് തന്റെ അന്ത്യത്തിനാണെന്ന്. തന്ത്രശാലിയായ മഹാവിഷ്ണു തന്റെ പാദങ്ങള്‍കൊണ്ട് മൂന്നടി അളക്കാന്‍ തുടങ്ങി. രണ്ടടി അളന്നപ്പോഴേക്കും മഹാബലിയുടെ മൊത്തം രാജ്യവും അളന്നു കഴിഞ്ഞു. മൂന്നാമത്തെ അടി അളക്കാന്‍ സ്ഥലമില്ല. അപ്പോള്‍ അദ്ദേഹം തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. മഹാബലിയെ നിഗ്രഹിക്കുക എന്ന ലക്ഷ്യത്തോടെയാണല്ലോ വാമനനായി വന്ന മഹാവിഷ്ണുവിന്റെ ഉദ്ദേശ്യം. അതിനായി തന്റെ അന്തിമ അഭിലാഷം മഹാബലിയോടാവശ്യപ്പെട്ടു. തന്റെ പ്രജകളെ വര്‍ഷത്തില്‍ ഒരിക്കല്‍ കാണുവാന്‍ അനുവദിക്കണം എന്ന ഒറ്റ ആഗ്രഹമേ മഹാബലി ആവശ്യപ്പെട്ടുള്ളൂ. ആ വരമാണ് നമ്മള്‍ മലാളികള്‍ ഓണമായി ആഘോഷിക്കുന്നത്.
onam-greetingsമാഹാബലിയുടെ കാലം, കള്ളവുമില്ല ചതിയുമില്ല മാനുഷരെല്ലാം ഒരുപോലെ എന്ന സാമൂഹിക തത്വമായിരുന്നു മാവേലിക്കാലം. ഇന്നോ ഉള്ളവന്‍ ഇല്ലാത്തവനെ വിഴുങ്ങുന്ന കാലം. കള്ളവും ചതിയും പൂത്തുലഞ്ഞു നടമാടുന്ന കാലം. എന്തിനു പറയുന്നു ഒരു കുടുംബത്തിലെ നാലാള്‍ കണ്ടാല്‍ കലികേറുന്ന കാലം, വൃദ്ധരായ അച്ഛനമ്മമാരെ അനാഥാലയതിതല്‍ ആക്കുന്ന കാലം, ഒറ്റുകാരുടെ കാലം, വ്യാജന്‍മാരുടെ കാലം എന്നുവേണം വിശേഷിപ്പിക്കാന്‍.
എന്റെ കുട്ടിക്കാലം ഓണം എന്നുകേട്ടാല്‍ ഒരു ആഘോഷമായിരുന്നു. ഇന്നോ? വെറും ഔപചാരികമായി മാറിയിരിക്കുന്നു. ചിങ്ങമാസം പിറന്നാല്‍ പിന്നെ മാവേലിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളാണ്. വിട്ടിലെ നെല്ലറയില്‍ സൂക്ഷിക്കുന്ന നെല്ല് കുത്തിയുള്ള കുത്തരിച്ചോറ് – തുമ്പപ്പൂ ചോറെന്ന് വിശേഷിപ്പിക്കും. പുത്തന്‍ കൃഷി സാധനങ്ങളാല്‍ സമ്പൂര്‍ണ്ണം. ചേനയും കാച്ചിലും കായ്കറികളെല്ലാം നമ്മുടെ കൃഷിയിടങ്ങളില്‍ നിന്നെടുത്തവ. ഇന്നത്തെപ്പോലെ അന്യസംസ്ഥാന പച്ചക്കറികളല്ല. വീട്ടമ്മമാരെല്ലാം സജീവം ഓണം ഒരുക്കാന്‍. വീടുകളില്‍ തന്നെ വറുക്കുന്ന ഉപ്പേരിയും മറ്റ് മധുര പലഹാരങ്ങളും. അത്തം തൊട്ട് പത്തുനാള്‍ അത്തപ്പൂക്കളവും മറ്റ് ഓണ ഒരുക്കങ്ങളും. ഓണത്തെ വരേല്‍ക്കാന്‍ എല്ലാ വീടുകളിലും ഊഞ്ഞാല്‍ തുടര്‍ന്ന് ഓണപ്പാട്ടുകളും. ഇന്നോ ഊഞ്ഞാല്‍ പേരിനു മാത്രം ചിലയിടങ്ങളില്‍ കാണാന്‍ സാധിക്കും. പുലികളി, കരടികളികളാല്‍ രാവേറെ സജീവം. ഇന്നോ പുലികളിയോ കരടികളിയോ ഇല്ല. പകരം പാമ്പുകളുടെ മേളമാണ്. തിരുവാതിരകളിക്കു പകരം ടി.വി.യില്‍ കാണുന്നു തിരുവാതിര. ഓണാഘോഷം ടി. വി.ക്കു മുന്നില്‍.
എന്റെ ഒക്കെ കുട്ടിക്കാലത്തെ ഓണക്കാലം തിരുവോണം ഊണുകഴിഞ്ഞാല്‍ അയല്‍പക്കത്തെ സ്ത്രീകളുടെ തിരുവാതിരകളിയിലും മറ്റു കലാപരിപാടികളിലും ഓണക്കളികള്‍. ചുറ്റുവട്ടത്തെ സ്ത്രീകള്‍ കൂടിയുള്ള നാടോടിപാട്ടുകളും കളികളും.
‘അശകൊശലെ പെണ്ണുണ്ടോ……..പെണ്ണിനെ തരാമോ വീട്ടുകാരെ’ എന്ന ഈരടി പാട്ടുകളും അടഞ്ഞുപോയ ഒരു സ്മൃതി ആയി മനസ്സില്‍ എവിടെയോ ഒളിഞ്ഞു കിടക്കുന്നു ഇന്ന് ഈ വരികള്‍ പുതുതലമുറകള്‍ക്കുപോലും അറിവില്ല. തിരുവോണനാളില്‍ കുടുംബാഗങ്ങള്‍ എല്ലാം കൂടിയുള്ള ഓണസദ്യകഴിഞ്ഞാല്‍ അടുത്തദിവസം കുടുംബ ബന്ധുക്കളുടെ വരവായി അവരുള്‍ക്കൊണ്ട സദ്യയും കുടുംബസംഗമവും. ചിലപ്പോള്‍ അതു രണ്ടുദിവസം വരെ നീണ്ടുപോകും. ഇന്നോ? എല്ലാം അണുകുടുംബം. ഓണത്തിന്റെ പേരില്‍ അച്ഛനമ്മമാരെ കാണാന്‍ എന്ന പേരില്‍ ചെല്ലും ഒന്നോ രണ്ടോ മണിക്കൂറുകള്‍ തങ്ങും അതിനപ്പുറമില്ല. അപ്പോഴേ സ്ഥലം വിടും. ഇതായിരുന്നില്ല ഒരു പത്തിരുപതു വര്‍ഷത്തിനു മുമ്പുള്ള ഓണം.
ഇന്നോ? ആ ഓര്‍മ്മകളെല്ലാം സ്മൃതിയില്‍ മാത്രം. വീട്ടിലെ വിഭവങ്ങള്‍ക്ക് വിട. എല്ലാം റെഡിമെയ്ഡ.് വസ്ത്രങ്ങള്‍ മുതല്‍ ഉപ്പേരികളും വരെ എന്നു വേണ്ട തിരുവോണ സദ്യസഹിതം. എനിക്കൊരിക്കല്‍ ഒരനുഭവം ഉണ്ടായി. തിരുവനന്തപുരത്തു ഒരു ബന്ധു വീട്ടില്‍ ഓണസദ്യയ്ക്കു ക്ഷണിച്ചു. പത്തു മുപ്പതു വര്‍ഷത്തിനു ശേഷം ഡെല്‍ഹി ജീവിതത്തിനു ശേഷമുള്ള ഓണവിരുന്ന്. ആയിക്കളയാം എന്നു ഞാനും. ഷണം സ്വീകരിച്ചവിടെ എത്തി. ചെന്നു ചില കുശലപ്രശനങ്ങള്‍ സംസാരിച്ചതിനു ശേഷം അടുക്കളയില്‍ ഒന്നു പരീക്ഷിച്ചു. പക്ഷേ അതിശയിച്ചു ഓണ ഒരുക്കലിന്റെ ഒരു ചടങ്ങും അവിടെ കണ്ടില്ല. കുറച്ചു കഴിഞ്ഞു ഒരു മാരുതി വാന്‍ വന്നുനിന്നു. കുറച്ചു പാത്രങ്ങളും ഇലയും കൊണ്ടു ഒന്നു രണ്ടു പേര്‍. അന്വഷിച്ചപ്പോഴാണറിയുന്നത് ഓണസദ്യയുടെ പാഴ്‌സല്‍വാന്‍. ഞാന്‍ അതിശയത്തോടെ ചിന്തിച്ചുപോയി നമ്മുടെ മലയാളികളിലുണ്ടായ മാറ്റം. അതിനു പ്രധാന കാരണം ഇന്നത്തെ പുതിയ തലമുറയിലുള്ള കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഇതിനോടൊരു താല്പര്യം ഇല്ല എന്നതു തന്നെ. ഇന്ന് പുതുതലമുറയ്ക്കും ചെറുപ്പക്കാര്‍ക്കും ഓണഘോഷം എന്നാല്‍ അല്‍പ്പം ‘അടിച്ചിട്ട്’ ആഘോഷിക്കുക എന്നതായിമാറിയിരിക്കുന്നു.
onam-pulikaliഎന്റെ അനുഭവത്തിലും അറിവിലും ഇന്നു കേരളത്തേക്കാള്‍ കൂടുതല്‍ ഓണാഘോഷം നടക്കുന്നതു അയല്‍ സംസ്ഥാനങ്ങളിലെ പ്രാവാസി മലയാളികള്‍ എന്നു വിശേഷിപ്പിക്കുന്ന മലയാളി സമൂഹമാണ്. ഗള്‍ഫിലായാലും അമേരിക്കയിലായാലും മറ്റേതൊരു രാജ്യത്തായാലും മലയാളികള്‍ ഓണം ഒരു ദിവസമെങ്കിലും അവരുടെ വീടുകളില്‍ ആഘോഷിക്കുന്നു. പത്തുമുപ്പതു വര്‍ഷക്കാലം എന്റെ ഡെല്‍ഹി ജീവിതത്തില്‍ അവിടുത്തെ ഓണാഘോഷം കേരളത്തേക്കാള്‍ കൂടുതല്‍ സമ്പൂര്‍ണ്ണമായിരുന്നു. എല്ലാ മലയാളികളും സ്വന്തം വീടുകളില്‍ ഓണസദ്യ ഒരുക്കുന്നു. കേരള ഹൗസിലും ഓണസദ്യ ഒരുക്കി ഒറ്റയ്ക്കു ജീവിതം നയിക്കുന്നവരെ ഓണസദ്യ നല്‍കി സംപൂജ്യരാക്കുന്നു. തിരുവാതിരക ളിയും, പുലികളിയും, കരടികളിയും മാവേലിമന്നനെ അണിയിച്ചു കൊണ്ടുള്ള ഘോഷയാത്രകളും അവിടുത്തെ മലയാളിസമൂഹം ഒരുക്കി മാവേലിമന്നനെ വരവേല്‍ക്കുന്നു. പക്ഷേ ഇന്നു കേരളത്തിലോ? അപൂര്‍വ്വം ചില ഇടങ്ങളില്‍ ഇതു കാണാം. അവരോടെപ്പം മലയാളികളല്ലാത്ത ഹിന്ദി നിവാസികളും ഒത്തുചേര്‍ന്നുള്ള ആഘോഷം ഹൃദ്യമാണ്. അവിസ്മരണീയമാണ് പക്ഷെ കേരളം ഇന്ന് അതില്‍ നിന്ന് എല്ലാം പിന്നോട്ടു പോയിരിക്കുന്നു. ഓര്‍മ്മകളുടെ ഒരു ചടങ്ങായി അവശേഷിക്കുന്നു. എന്നാല്‍ ഈ പൈതൃകം ഓരോ കേരളീയനും കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു. കള്ളവുമില്ല, ചതിയുമില്ല, മാനുഷ്യരെല്ലാരും ഒരുപോലെ എന്ന സാമൂഹ്യ നീതിക്കുവേണ്ടി.