പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍

single-img
24 August 2017

ഇന്ന് ചിങ്ങം ഒന്ന്, മലയാളിക്ക് പുതുവര്‍ഷവും കര്‍ഷകദിനവും. പഞ്ഞ മാസത്തിന് അറുതി വരുത്തിക്കൊണ്ട് സമൃദ്ധിയുടെയും എശ്വര്യത്തിന്റെയും നല്ല ദിനങ്ങളുമായാണ് ചിങ്ങമെത്തുന്നത്. നെല്‍ക്കതിരും നിറപറയുമായി മലയാളികള്‍ പുതുവര്‍ഷമായ ചിങ്ങത്തെ വരവേറ്റു കഴിഞ്ഞു. ഒരു വര്‍ഷക്കാലത്തെ നന്മകള്‍ തുടരാനും വീഴ്ചകള്‍ ഒഴിവാക്കാനും മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു.

ചിങ്ങ മാസം കൊയ്ത്തുത്സവം കൂടിയാണ്. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസവും.

ഓണക്കാലം അങ്ങനെ പ്രതീക്ഷയുടെ നല്ല ദിനങ്ങളാണ്. മുറ്റത്തെ ഊഞ്ഞാലും അത്ത പൂക്കളവും ഓണസദ്യയുമൊക്കെയായി നല്ലൊരു ഓണക്കാലത്തെക്കൂടിയാണ് ചിങ്ങ മാസം വരവേല്‍ക്കുന്നത്. പാടം നിറയെ വിളഞ്ഞു കിടക്കുന്ന സ്വര്‍ണ നിറമുള്ള പ്രതീക്ഷകള്‍, മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ മാനുഷ്യര്‍ മാത്രമല്ല പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം. മുക്കുറ്റിയും കോളാമ്പിയും തൊടിയില്‍ പൂക്കുമ്പോള്‍ നമുക്കുള്ളില്‍ നന്മയും പൂക്കട്ടെ.