ബാങ്ക് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചു: ആര്‍.നിശാന്തിനിയടക്കം ആറു പോലീസുകാര്‍ക്കെതിരെ നടപടി

single-img
24 August 2017

കൊച്ചി: കസ്റ്റഡിയിലെടുത്ത ബാങ്ക് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ആര്‍.നിശാന്തിനിയടക്കം ആറു പോലീസുകാര്‍ക്കെതിരെ നടപടി. യൂണിയന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പേഴ്‌സി ജോസഫിന്റെ പരാതിയില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവിട്ടത്.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി. നിശാന്തിനിക്ക് പുറമെ വനിതാ പൊലീസ് ഓഫീസറായ വി.ഡി പ്രമീള, പോലീസ് ഡ്രൈവര്‍ ടിഎം സുനില്‍, സീനിയര്‍ സിപിഒ കെ.എ ഷാജി, സിപിഒ നൂര്‍ സമീര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. വിരമിച്ച എസ്.ഐ കെ.വി മുരളീധരനെതിരെ നടപടിയെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

തൊടുപുഴ യൂണിയന്‍ ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്ന പേഴ്‌സി ജോസഫ്, 2011 ജൂലൈയില്‍ ബാങ്കിലെത്തിയ പോലീസ് ഉദ്യോഗസ്ഥ വി.ഡി പ്രമീളയോട് മോശമായി പെരുമാറി എന്നാരോപിച്ച് അന്നത്തെ തൊടുപുഴ എ.എസ്.പി ആയിരുന്ന നിശാന്തിനിയുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പേഴ്‌സി ജോസഫ് നല്‍കിയ പരാതിയില്‍ ഇടുക്കി എസ്.പി ജോര്‍ജ്ജ് വര്‍ഗീസ് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തു.

പിന്നീടാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥ വി.ഡി പ്രമീളയുടെ ആരോപണങ്ങള്‍ വിശ്വസനീയമല്ലെന്നും, അതൊരു കെണിയായിരുന്നോയെന്ന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വകുപ്പ് തല നടപടി.