ലൈവ് ചര്‍ച്ചയ്ക്കിടെ അവതാരകന്റെ മേശയിലേക്ക് ഓടിക്കയറിയ കുസൃതിക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു

single-img
24 August 2017

ലണ്ടന്‍: തത്സമയ ചാനല്‍ പരിപാടിക്കിടെ അവതാരകന്റെ മേശയിലേക്ക് പിടിച്ചു കയറുന്ന കുട്ടിയുടെ കുസൃതികള്‍ വൈറലാകുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ ഐടിവി ന്യൂസിലാണ് ഷോയ്ക്കിടയിലെ ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.

പശുവിന്‍ പാല്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന അലര്‍ജിയെ കുറിച്ചായിരുന്നു ഐടിവി അവതാരകനായ അലാസ്റ്റെയര്‍ സ്റ്റെവാര്‍ട്ട് ചര്‍ച്ച ആരംഭിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് അവതാരകനും അതിഥിയും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ അതിഥിയായ അമ്മയ്‌ക്കൊപ്പം എത്തിയ കുസൃതിക്കുട്ടി ഇവരുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് ഒരൊറ്റ ഇടിച്ചു കയറ്റമായിരുന്നു, അതും അവതാരകന്റെ മേശയിലേക്ക് തന്നെ.

ലൂസി റോങ്കയെന്ന സ്ത്രീയാണ് അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള മക്കളായ ജോര്‍ജ്ജിനേയും ഐറിസിനേയും കൂട്ടി ചര്‍ച്ചയ്‌ക്കെത്തിയത്. പാലിന്റെ അലര്‍ജി മൂലം മകനായ ജോര്‍ജ് നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ലൂസി പറഞ്ഞു തുടങ്ങുമ്പോള്‍ സ്റ്റുഡിയോയില്‍ ഓടി നടക്കുകയായിരുന്നു ഐറിസ്. പിന്നീട് ചര്‍ച്ച നടക്കുന്നിടത്തേക്ക് ഓടിയെത്തിയ ഐറിസ് അവതാരകന്റെ മുന്നിലെ പേപ്പര്‍ പിടിച്ചുവലിച്ചും മേശയിലേക്ക് വലിഞ്ഞു കയറാനുള്ള ശ്രമങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

കുസൃതി കുഞ്ഞുങ്ങളുടെ കുറുമ്പുകളില്‍ അവതാരകന്‍ ആദ്യം ഒന്ന് അമ്പരപ്പെട്ടെങ്കിലും പിന്നീട് വളരെ രസകരമായി സാഹചര്യത്തെ കൈകാര്യം ചെയ്തു. ഐറിസിന്റെ കുസൃതികള്‍ ഐടിവി ന്യൂസ് ലൈവ് ആയി തന്നെ പുറത്തു വിടുകയും ചെയ്തു. ചര്‍ച്ചയ്ക്കിടെ കുഞ്ഞുങ്ങള്‍ ശല്യപ്പെടുത്തിയെങ്കിലും വളരെ സൗമ്യമായി അവരോട് പ്രതികരിച്ച അവതാരകനോട് നന്ദി പറയുകയാണ് ലൂസി. സാഹചര്യം മനസ്സിലാക്കിയതിന് നന്ദിയെന്ന് അവര്‍ പിന്നീട് ട്വിറ്ററിലെഴുതി.