ഹോട്ടലുകളില്‍ കയറുന്നവര്‍ ബില്‍ വായിച്ചോളൂ; ചിലപ്പോള്‍ ഒരു നുള്ള് ഉപ്പിന് വരെ പണം കൊടുക്കേണ്ടി വരും

single-img
24 August 2017

പലപ്പോഴും ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നു എന്നാണ് ചിലരുടെയെങ്കിലും പരാതി. എന്നാല്‍ ഹൈദരാബാദിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരു കുടുംബത്തിന് നേരിടേണ്ടി വന്നത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ഹോട്ടലില്‍ നിന്നും വാങ്ങിയ ലൈം സോഡയില്‍ ഇടുന്നതിനായി ഒരു നുള്ള് ഉപ്പ് ചോദിച്ചപ്പോള്‍ അതിനും വില കൊടുക്കേണ്ടി വന്നു ഇവര്‍ക്ക്…

ചൊവ്വാഴ്ച ഹൈദരാബാദിലെ രാജ് ഭവന്‍ റോഡിലെ സോമാജിഗുഡയിലുള്ള റസ്റ്റോറന്റിലെത്തിയ കുടുംബം ലൈം സോഡ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ലൈം സോഡയില്‍ ഉപ്പ് കുറവാണെന്ന് തോന്നിയപ്പോള്‍ കുറച്ചു ഉപ്പ് നല്‍കാന്‍ വെയിറ്ററോട് ആവശ്യപ്പെട്ടു. എന്നാല്‍ ബില്‍ വന്നപ്പോള്‍ ഇവര്‍ ശരിക്കും ഞെട്ടുകയായിരുന്നു. ഉപ്പിന്റെ ഒരു രൂപ കൂടി ചേര്‍ത്തുകൊണ്ടായിരുന്നു ബില്‍ അടിച്ചിരിക്കുന്നത്.

നിസ്സാര തുകയാണ് ഈടാക്കിയതെങ്കിലും ഉപ്പിന്റെ വില കേട്ട് ഇവരെപ്പോലെത്തന്നെ ഞെട്ടിത്തരിക്കുയായിരുന്നു മറ്റുള്ളവരും. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മറ്റു ഉപഭോക്താക്കളും ചേര്‍ന്ന് റസ്റ്റോറന്റിനെതിരെ ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കിയെങ്കിലും പാക്ക് ചെയ്ത സാധനമല്ലാത്തതിനാല്‍ നിയമനടപടി സ്വീകരിക്കാനാകില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റിലെ ജഗന്‍ മോഹന്‍ റെഡ്ഡി അറിയിക്കുകയായിരുന്നു.

അതേസമയം ഉപ്പിന് ബില്ലടിച്ചത് മനപൂര്‍വ്വമല്ലെന്നും റസ്റ്റോറന്റില്‍ പുതിയ സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണെന്നും ജീവനക്കാര്‍ അതു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും റസ്റ്റോറന്റ് പ്രതിനിധി പറഞ്ഞു.