പന്നിപ്പനി: രാജ്യത്ത് എട്ട് മാസത്തിനിടെ മരണപ്പെട്ടത് ആയിരത്തിലധികം പേര്‍

single-img
24 August 2017

ന്യൂഡല്‍ഹി: കഴിഞ്ഞ എട്ട് മാസത്തിനിടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് 1094 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആഗസ്ത് വരെ 22186 കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2016 നെ അപേക്ഷിച്ച് വലിയ തോതിലുള്ള വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം 1786 പന്നിപ്പനി കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 269 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്ര ഗുജറാത്ത് സംസ്ഥാനങ്ങളാണ് മരണസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 437 പേരും ഗുജറാത്തില്‍ 269 പേരുമാണ് മരണപ്പെട്ടത്. ആഗസ്ത് 13 വരെ മഹാരാഷ്ട്രയില്‍ 3500 പേര്‍ക്ക് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം 103 പേരാണ് സംസ്ഥാനത്ത് പന്നിപ്പനി മൂലംമരിച്ചത്. മുംബൈയില്‍ മാത്രം ഈ വര്‍ഷം 850 പന്നിപ്പനി കേസുകളും 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഗുജറാത്തില്‍ ഒരാഴ്ചക്കിടെ സംഭവിച്ചത് 230 മരണങ്ങളായിരുന്നു. വഡോദര, സൂറത്ത്, അഹമ്മദാബാദ്, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങളുണ്ടായത്. ഇവിടെ തന്നെയാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയിരിക്കുന്നതും. 1200 പേരാണ് ഈ ഭാഗത്ത് പന്നിപ്പനിക്ക് ചികിത്സ തേടിയിട്ടുള്ളത്.

കേരളം, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡെല്‍ഹി സംസ്ഥാനങ്ങളും മരണസംഖ്യയില്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. കേരളത്തില്‍ 73 പേര്‍ മരിച്ചു. ഓഗസ്റ്റ് പതിമൂന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 695 പേര്‍ക്കാണ് ഉത്തര്‍ പ്രദേശില്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ മരിക്കുകയും ചെയ്തു.

മധ്യവയസ്‌കര്‍, പ്രമേഹം, ആസ്മ, കാന്‍സര്‍ രോഗികള്‍ എന്നിവരാണ് പന്നിപ്പനി മരണത്തിന് കൂടുതല്‍ ഇരയായിരിക്കുന്നത്. അതുകൊണ്ട് തന്നെ രോഗ ലക്ഷണം കണ്ടാല്‍ ഇത്തരക്കാര്‍ പ്രത്യേക ചികിത്സയെടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

ആഗസ്ത് മാസത്തില്‍ മാത്രം 342 പേരാണ് പന്നിപ്പനി ബാധിച്ച് രാജ്യത്താകെ മരണമടഞ്ഞത്. പനി, തൊണ്ടവേദന, തലവേദന, ചുമ, ഛര്‍ദി എന്നീ ലക്ഷണങ്ങളോടെയെത്തുന്ന പന്നിപ്പനിയെ 2009ലാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.