കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടിക്കൊന്നു

single-img
24 August 2017

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ചു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനാണ് മരിച്ചത്. തിരൂര്‍ പുളിഞ്ചോട്ടില്‍ വെട്ടേറ്റ നിലയില്‍ ഇന്നുരാവിലെ റോഡരുകില്‍ കണ്ടെത്തിയ വിപിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വിപിന്‍ ബൈക്കില്‍ വരുമ്പോള്‍ അക്രമി സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. മുഖത്തും കാലിനും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്. അതേസമയം തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന വിപിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

2016 നവംബര്‍ 19നാണ് ഇസ്ലാം മതം സ്വീകരിച്ചതിന് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹിന്ദുവായിരുന്ന ഫൈസല്‍ മതംമാറി മുസ്ലീമായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ആരോപിച്ചത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം.