നടന്‍ ദിലീപിന്റെ ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

single-img
24 August 2017

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍, കയ്യേറ്റ ഭൂമിയിലല്ലെന്ന് ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ദിലീപ് സര്‍ക്കാര്‍ ഭൂമിയോ പുറംപോക്ക് ഭൂമിയോ കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയില്‍ അധികമായുള്ളത്.

ക്ഷേത്രം അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതിയുമില്ല. പുറമ്പോക്ക് ഭൂമി കയ്യേറിയതാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നതോടെ ജില്ലാ സര്‍വേയര്‍ സ്ഥലം അളക്കുകയായിരുന്നു. ഒരു മാസം നീണ്ട സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് ജില്ലാ സര്‍വേയര്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയത്. ആരോപണം ഉയര്‍ന്നതോടെ 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച ജില്ലാ കലക്ടര്‍, ഭൂമി കയ്യേറ്റം സംബന്ധിച്ച അന്വേഷണം സങ്കീര്‍ണ്ണമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയാണെന്നും പരിശോധിച്ചിരുന്നു. പല രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നുമായിരുന്നു കലക്ടര്‍ കൗശിക് റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ദിലീപ് വാങ്ങുന്നതിന് മുന്‍പ് ഈ ഭൂമി ഏഴു തവണ കൈമാറിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതിയും അടച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു. മുന്‍പ് നടത്തിയ പരിശോധനയില്‍ കയ്യേറ്റം ഇല്ലെന്നും കണ്ടെത്തിയിരുന്നു.

സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിന്റെ 90 സെന്റില്‍ ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു.

വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയപ്പോള്‍ ദിലീപിന്റെ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിരുന്നു. അത് പിന്നീട് തിരുത്തിവാങ്ങിയിരുന്നു. എന്നാല്‍ പുറമ്പോക്ക് ഭൂമിയുടെ മറവില്‍ കയ്യേറ്റം നടന്നുവെന്നും ആരോപണം ഉയര്‍ന്നു. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സര്‍വേ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട്.