ദിലീപിനെതിരെ 223 തെളിവുകള്‍: പുറത്തിറങ്ങുമോ എന്ന് നാളെ അറിയാം

single-img
24 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. രണ്ടു ദിവസമാണ് കോടതിയില്‍ വാദം നടന്നത്. കേസില്‍ വിധി പറയുന്നത് കോടതി നാളത്തേക്കു മാറ്റുകയായിരുന്നു. പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച ദിലീപിന് ഇത്തവണയും ജാമ്യം ലഭിക്കുമോയെന്ന കാര്യം സംശയത്തിലാണ്.

ദിലീപ് കുറ്റക്കാരനാണെന്നു തെളിയിക്കുന്ന 169 രേഖകളും 15 രഹസ്യമൊഴികളും ഉള്‍പ്പെടെ ദിലീപിനെതിരേ 223 തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു.

അതേസമയം കേരള പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടില്‍ ഉറച്ചു നിന്നുള്ള വാദങ്ങളാണ് പ്രതിഭാഗം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എഡിജിപി ബി.സന്ധ്യ എന്നിവരുടെ നിലപാടുകളെ സംശയത്തോടെ കാണുന്ന വാദങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തി. സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കാനാവുമെന്ന് പ്രതിഭാഗം ചോദിച്ചു.

മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോ എന്നും പ്രതിഭാഗം ചോദ്യമുയര്‍ത്തി.

ദിലീപും സുനിലും തമ്മില്‍ നാലുവര്‍ഷത്തെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ? എറണാകുളത്തു ദിലീപിനു സ്വന്തം കടയുള്ളപ്പോള്‍ ഭാര്യാ മാതാവിന്റെ കടയില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഏല്‍പിക്കാന്‍ ആവശ്യപ്പെടുമോ തുടങ്ങിയ വാദങ്ങളും ദിലീപിന് വേണ്ടി ഹാജരായ അഡ്വ.രാമന്‍പിള്ള ഉന്നയിച്ചു. ഡ്രൈവര്‍ ദിലീപിന്റെ ഹോട്ടല്‍ മുറിയിലെത്തി ഗൂഢാലോചന നടത്തിയെന്നു പറയുന്നതു ബുദ്ധിക്കു നിരക്കാത്തതാണ്.

അന്നു മറ്റു പല സിനിമാക്കാരും ഹോട്ടലിലുണ്ടായിരുന്നു. സുനില്‍ ജയിലില്‍ വച്ച് എഴുതിയെന്നു പറയുന്ന കത്തിനും ആധികാരികതയില്ല. മുന്‍പു പൊലീസ് മര്‍ദിച്ചതായി കാണിച്ച് അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിനുള്ള കത്തിലേത്. ഗൂഢാലോചനയുടെ ഭാഗമായി ജയിലിന് പുറത്ത് വെച്ച് തയാറാക്കിയതാണ് ഈ കത്തെന്നും പ്രതിഭാഗം വാദിച്ചു.

മുഖ്യപ്രതി സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ച ദിവസം തന്നെ ഡിജിപിയെ വിവരം അറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലമായി ലഭിക്കുമായിരുന്നെങ്കില്‍ പ്രതി ഉടന്‍ തന്നെ കൃത്യം നിര്‍വഹിക്കുമായിരുന്നു. നാലു വര്‍ഷം വൈകിപ്പിക്കില്ല. കള്ളന്മാര്‍ ഉണ്ടാക്കുന്ന കഥയ്ക്കു പിന്നാലെയാണ് പൊലീസ്. അനീഷ് എന്ന പൊലീസുകാരന്റെ കഥ കെട്ടിച്ചമച്ചതാണെന്നും ദിലീപിനെ കുടുക്കാന്‍ കള്ളത്തരങ്ങള്‍ മെനയുകയാണെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ സുനിക്ക് ദിലീപുമായും കാവ്യയുമായും ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇവര്‍ പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇരുവരും ഒരേ മൊബൈല്‍ ടവറിന്റെ പരിധിയില്‍ തുടര്‍ച്ചയായി വരുന്നത് സ്വാഭാവികമല്ലെന്നും ഇവര്‍ സംസാരിക്കുന്നതു കണ്ടതിനു സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോടാണു സുനില്‍ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത്. ഇതേ പൊലീസുകാരന്റെ ഫോണില്‍ ദിലീപിന്റെ ഭാര്യ കാവ്യയുടെ കടയിലേക്കും സുനില്‍ വിളിച്ചിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സുനിലുമായി ഒരിക്കല്‍ പോലും നേരിട്ടു ബന്ധപ്പെടാതിരിക്കാന്‍ ദിലീപ് ആദ്യം മുതല്‍ ശ്രദ്ധിച്ചിരുന്നു. കാവ്യയും കുടുംബവുമായി സുനിലിന് അടുത്ത ബന്ധമുണ്ടെന്ന് സുനിലും വെളിപ്പെടുത്തിയിട്ടുള്ളതാണ്. സുനിലിനെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനു മുന്‍പു കാവ്യയുടെ വസ്ത്രവ്യാപാര ശാലയിലും സുനില്‍ പോയിരുന്നു. ഒരിക്കല്‍ കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിലാണു കാറോടിച്ചത്. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനില്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് നിര്‍ദേശിച്ചതനുസരിച്ചു കാവ്യ സുനിലിനു പണം നല്‍കിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്നു തെളിയിക്കുന്ന രഹസ്യമൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 15 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ ടെന്നീസ് ക്ലബിലെ ജീവനക്കാര്‍ ദിലീപിനെയും സുനിലിനെയും ഒരുമിച്ചു കണ്ടിട്ടുള്ളതായി രഹസ്യ മൊഴിയിലുണ്ടെന്നും ഇക്കാര്യങ്ങള്‍ കോടതിക്കു പരിശോധിക്കാവുന്നതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപ് ഒരു വലിയ നുണയനാണെന്നും (കിങ് ലയര്‍) കേസിലെ പ്രധാന തെളിവായ മൊബൈലും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതികള്‍ പറയുന്നത് കള്ളത്തരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ദിലീപിന്റെ പരാതി ഡിജിപിക്കു ലഭിക്കും മുന്‍പു തന്നെ കേസില്‍ ദിലീപിന്റെ പങ്കു സംബന്ധിച്ച ശക്തമായ തെളിവുകളും മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ദിലീപിന്റെ ക്വട്ടേഷന്‍ സംബന്ധിച്ചു തൃശൂര്‍ സ്വദേശിയോടു സുനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതി സുനില്‍ ആവര്‍ത്തിച്ചു ശ്രമിച്ചിരുന്നതായും ഒടുവില്‍ ഗോവയില്‍ വച്ചും അതിനു ശ്രമിച്ചതായും ഇത് തെളിയിക്കുന്ന മൊഴികളും തെളിവുകളുമുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സൂത്രശാലിയായ ദിലീപ് കൃത്യം നടത്താന്‍ മികച്ച ‘കളിക്കാരനെ’തന്നെയാണ് കളത്തില്‍ ഇറക്കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എല്ലാ വിവരങ്ങളും വ്യക്തമാക്കിയിട്ടുള്ള കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിക്കു പരിശോധിക്കാന്‍ സമര്‍പ്പിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയാവാത്ത ഈ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രതിഭാഗത്തിന്റെ വാദങ്ങളെയല്ലാം ഖണ്ഡിച്ച് കൊണ്ട്, ദിലീപിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്. ഇരു വിഭാഗത്തിന്റെയും വിശദമായ വാദം പൂര്‍ത്തിയായതോടെ ജാമ്യാപേക്ഷയില്‍ നാളെ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിര്‍ണ്ണായകം.