പ്രവാസികളെ… കീശ ചോരാതെ നോക്കിക്കോളൂ: വിമാന കമ്പനികള്‍ കൊള്ളയടിക്കും; ടിക്കറ്റ് നിരക്കില്‍ പത്തിരട്ടി വരെ വര്‍ധന

single-img
24 August 2017


കൊച്ചി: ഇത്തവണ ഓണവും വലിയ പെരുന്നാളും ഒരുമിച്ച് വരുന്നതോടെ ലോട്ടറിയടിച്ചത് വിമാനക്കമ്പനികള്‍ക്കാണ്. അവധി സീസണ്‍ മുതലെടുത്ത് ഗള്‍ഫ് പ്രവാസികളെ പിഴിയാന്‍ തയ്യാറായിരിക്കുകയാണ് വിമാനക്കമ്പനികള്‍. യാത്രാനിരക്ക് പത്തിരട്ടിയിലധികം വര്‍ധിപ്പിച്ചാണ് ആഘോഷം കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളെ കമ്പനികള്‍ ഒന്നാകെ വെട്ടിലാക്കിയിരിക്കുന്നത്. സെപ്തംബര്‍ മുതലാണ് വിമാനക്കമ്പനികളുടെ ഈ പകല്‍കൊള്ള ആരംഭിക്കുന്നത്.

സെപ്റ്റംബറില്‍ ഗള്‍ഫിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ടിക്കറ്റ് ലഭ്യമായ എയര്‍ലൈനുകള്‍ ഈടാക്കുന്നതാവട്ടെ നിലവിലെ ടിക്കറ്റ് നിരക്കിന്റെ 10 ഇരട്ടിവരെ. സെപ്റ്റംബര്‍ ആദ്യവാരത്തിലെ ഏതാണ്ടെല്ലാ ദിവസങ്ങളിലും ഇത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങി ഏതാണ്ടെല്ലാ വിമാനക്കമ്പനികളും വന്‍ നിരക്കാണ് ഈടാക്കുന്നത്. പൊതുവെ മിതമായ നിരക്ക് ഈടാക്കുന്ന എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ എന്നിവയും നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു.

സെപ്തംബറില്‍ ഒരു ഗള്‍ഫ് രാജ്യത്തേക്കും 30000ത്തില്‍ കുറഞ്ഞ ഒരു ടിക്കറ്റും ഇല്ല എന്നതാണ് വാസ്തവം. തിരക്കില്ലാത്തപ്പോള്‍ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് 5,000 രൂപയ്ക്കു വരെ ടിക്കറ്റ് കിട്ടും. ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്കും തിരക്കില്ലാത്ത സമയത്ത് 5,500 രൂപയ്ക്ക് ടിക്കറ്റ് കിട്ടും. കുവൈത്തിലേക്ക് 9,000 രൂപയ്ക്കും സൗദി അറേബ്യയിലേക്ക് 10,000 രൂപയ്ക്കും ദോഹയിലേക്ക് 7000 രൂപയ്ക്കും ടിക്കറ്റ് കിട്ടാറുണ്ട്.

ഈ ടിക്കറ്റു നിരക്കാണ് അവധി സീസണ്‍ കണ്ട് പത്ത് ഇരട്ടി വരെ വര്‍ധിപ്പിച്ച് 75000 ത്തില്‍വരെ എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് മാത്രമാണ് ടിക്കറ്റുകള്‍ക്കായി ഇത്രയുമധികം തുക നല്‍കേണ്ടത് എന്നതും ശ്രദ്ധേയമാണ്. മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും സീസണുകളില്‍ ടിക്കറ്റ് വര്‍ധനയുണ്ടെങ്കിലും ഇത്രയധികം കൊള്ളയില്ല. അതുകൊണ്ടു തന്നെ മലയാളി പ്രവാസികളാണ് ഏറ്റവും കൂടുതല്‍ വെട്ടിലായിരിക്കുന്നത്.

ഓണാവധി കഴിഞ്ഞ് തിരുവനന്തപുരം സെക്ടറില്‍ നിന്നും വിവിധ ഗല്‍ഫുരാജ്യങ്ങളിലേക്ക് വിമാനക്കമ്പനികളുടെ നിരക്കുകള്‍ എത്രയെന്നു നോക്കാം: ഓണാവധിക്ക് ശേഷം സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്ത് നിന്നും ജിദ്ദയിലേക്ക് പോകുന്നവര്‍ എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ ടിക്കറ്റൊന്നിന് 37437 രൂപ നല്‍കണം. ശ്രീലങ്കന്‍ എയര്‍വെയ്‌സില്‍ 40554 രൂപയും എമിറ്റേറ്റ്‌സില്‍ 44540 രൂപയും ഗള്‍ഫ് എയറില്‍ 54886 രൂപയും നല്‍കണം. എയര്‍ അറേബ്യയിലാണെങ്കില്‍ 64062 രൂപ നല്‍കിയാലെ ടിക്കറ്റ് ലഭിക്കുകയുള്ളൂ.

സെപ്റ്റംബര്‍ ഏഴിന് തിരുവനന്തപുരത്ത് നിന്നും അബുദാബിയിലേക്ക് പോകാന്‍ ശ്രീലങ്കന്‍ എയര്‍വെയ്‌സിന് നല്‍കേണ്ടത് 34596 രൂപ. പ്രവാസികളുടെ ബഡ്ജറ്റ് എയര്‍ലൈനുകള്‍ എന്നു കൊട്ടിഘോഷിക്കുന്ന എയര്‍ ഇന്ത്യ എക്‌സപ്രസ് ഈടാക്കുന്നത് 35546 രൂപ, ഗള്‍ഫ് എയറില്‍ ആണെങ്കില്‍ 41331 രൂപ നല്‍കണം. എയര്‍ ഇന്ത്യയിലെ ടിക്കറ്റ് നിരക്ക് 52697 രൂപയാണ്. ഇതിഹാദ് എയര്‍വേയ്‌സ് 52723 രൂപയും ജെറ്റ് എയര്‍വെയ്‌സ് 53568 രൂപയും നല്‍കണം.

തിരുവനന്തപുരം കുവൈറ്റ് ടിക്കറ്റ് നിരക്കിലും അഞ്ചും ആറും ഇരട്ടി വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 7ന് കുവൈറ്റിലേക്ക് ശ്രീലങ്കന്‍ എയര്‍വെയ്‌സിലെ ടിക്കറ്റ് നിരക്ക് 37821 രൂപയാണ്. ഇനി തിരുവനന്തുപരത്ത് നിന്നും ദമാമിലേക്ക് പോകണമെങ്കിലോ ഗള്‍ഫ് എയറില്‍ നല്‍കേണ്ടത് 42181 രൂപ. എമിറേറ്റ്‌സില്‍ ആണെങ്കില്‍ 42423 രൂപയും ഫ്‌ളൈ ദുബായിലാണങ്കെില്‍ 45166 രൂപയും ജെറ്റ് എയര്‍വെയ്‌സില്‍ 52387 രൂപയും എയര്‍ അറേബ്യയിലാണെങ്കില്‍ 75269 രൂപയും നല്‍കിയാലെ ദമാമിലെത്താനാകൂ.

ഓണം കഴിഞ്ഞ് ദോഹയിലേക്കാണ് പോകേണ്ടതെങ്കില്‍ എയര്‍ ഇന്ത്യ എക്‌സപ്രസില്‍ 36721 രൂപ നല്‍കിയാലെ ടിക്കറ്റുള്ളു. ഖത്തര്‍ എയര്‍വെയ്‌സില്‍ 43372 രൂപയും ജെറ്റ് എയര്‍വെയ്‌സില്‍ 53151 രൂപയും ശ്രീലങ്കന്‍ എയര്‍വേയ്‌സില്‍ 54533 രൂപയും ചെലവാകും.ഫ്‌ളൈ ദുബായില്‍ ആണെങ്കില്‍ 40591 രൂപയും ഗള്‍ഫ് എയറില്‍ 41033 രൂപയും എയര്‍ അറേബ്യയില്‍ 54755 രൂപയും നല്‍കണം.

തിരുവനന്തപുരത്ത് നിന്നും റിയാദിലേക്കാണ് തിരിക്കുന്നതെങ്കില്‍ ഫ്‌ളൈ ദുബായില്‍ ടിക്കറ്റൊന്നിന് 45166 രൂപയും ശ്രീലങ്കന്‍ എയര്‍വെയ്‌സില്‍ 58236 രൂപയും എയര്‍ അറേബ്യയില്‍ 69693 രൂപയും മുടക്കണം. ഇനി ദുബായിലേക്കാണ് പോകുന്നതെങ്കിലും സ്ഥിതി അതു തന്നെ. ശ്രീലങ്കന്‍ എയര്‍വെയ്‌സില്‍ 34596 രൂപയും എയര്‍ ഇന്ത്യ എക്‌സപ്രസില്‍ 35546 രൂപയും എമിറേറ്റ്‌സില്‍ 36869 രൂപയും ഗള്‍ഫ് എയറില്‍ 41751 രൂപയും എയര്‍ ഇന്ത്യയില്‍ 42042 രൂപയും ചെലവാകും.

തിരുവനന്തപുരം ഷാര്‍ജ ടിക്കറ്റിലും വലിയ കൊള്ളയാണ് വിമാന കമ്പികള്‍ വരുത്തിയിരിക്കുന്നത്. 32915 രൂപ മുടക്കിയാലെ ഓണാവധി കഴിഞ്ഞ് ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ ഷാര്‍ജയില്‍ എത്താനാകൂ. എയര്‍ ഇന്ത്യയിലാണെങ്കില്‍ 40213 രൂപ യും. എയര്‍ അറേബ്യയില്‍ ആണെങ്കില്‍ 44453 രൂപയും നല്‍കണം. ഓണം കഴിഞ്ഞുള്ള ചില തിയ്യതികളിലാണെങ്കില്‍ ടിക്കറ്റ് കിട്ടാനെ ഇല്ല.

5000രുപയ്ക്കും 10000ത്തിനും കിട്ടിയിരുന്ന ടിക്കറ്റ് നിരക്കുകള്‍ ഒറ്റയടിക്ക് 75,000ത്തില്‍ എത്തിച്ച് ആകാശ കൊള്ള നടത്തുമ്പോഴും കേന്ദ്രകേരള സര്‍ക്കാറുകള്‍ക്ക് യാതൊരു കുലുക്കവുമില്ല എന്നതും ഈ തീവെട്ടിക്കൊള്ളക്ക് കൂടുതല്‍ ആക്കമായി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനവിലയില്‍ കാര്യമായ കുറവുണ്ടായെങ്കിലും സ്വകാര്യ വിമാനക്കമ്പനികള്‍ ഒത്തുകളിച്ച് സീസണ്‍ മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ഗള്‍ഫ് കേരള സെക്ടറില്‍ മാത്രമാണ് ഇത്തരത്തിലുള്ള പകല്‍ക്കൊള്ള. എല്ലാവര്‍ഷങ്ങളിലും നടക്കുന്ന എയര്‍ലൈനുകളുടെ ഈ പകല്‍കൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം പ്രവാസലോകത്തുനിന്നും ഉയരാറുണ്ട്. എന്നാല്‍ അധികൃതര്‍ ഇതിനോട് കണ്ടഭാവം നടിക്കാറില്ല എന്നതാണ് വസ്തുത.

കേന്ദ്ര സര്‍ക്കാര്‍ വ്യേമയേന നയത്തില്‍ മാറ്റം വരുത്തുകയും ഓപ്പണ്‍ സ്‌ക്കൈ പോളിസി നടപ്പിലാക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ വിമാന കമ്പിനികളുടെ കൊള്ള ഒരു പരിധി വരെ തടയാനാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കര്‍ അധികാരത്തില്‍ വന്ന ശേഷം വിമാന കമ്പിനികളുടെ യോഗം മുഖ്യമന്ത്രി നേരിട്ടു വിളിച്ചിരുന്നു. അന്ന് സീസണ്‍ അനുസരിച്ചുള്ള കൊള്ള അവസാനിപ്പിക്കണമെന്നും മിതമായ നിരക്കില്‍ പ്രവാസികള്‍ക്ക് യാത്ര സൗകര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.