മഹാബലി തമ്പുരാനെ കാത്ത് സദ്യയൊരുക്കി മലയാളികൾ

single-img
24 August 2017


ഐശ്വര്യത്തിന്റെയും സമൃദ്ധിയിടുടേയും ആഘോഷക്കാലമാണ് ഓണം. പൂവിളിയുടെ ആരവങ്ങളുമായി വീണ്ടുമൊരു ഓണം പിറക്കുന്നതിന്റെ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിനായുള്ള കാത്തിരിപ്പിലാണ് കുട്ടികള്‍. അത്തപൂക്കളം ഒരുക്കിയും വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയും ഓണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഓരോ വീടുകളിലും ഇതിനോടകം തുടങ്ങി കഴിഞ്ഞു.

ചിങ്ങമാസത്തില്‍ തിരുവോണ നാളില്‍ ഓണസദ്യ ഉണ്ണാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഓണ വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് മലയാളികള്‍.
രുചിയുടെ വൈവിധ്യം കൊണ്ട് പെരുമ കേട്ടതാണ് മലയാളികളുടെ ഓണസദ്യ. ‘കാണം വിറ്റും ഓണം ഉണ്ണെണ്ണം’ എന്ന പഴഞ്ചൊല്ല് തന്നെ ഓണസദ്യയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.

വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ പാതാളത്തില്‍ നിന്നെത്തുന്ന പ്രജാക്ഷേമ തല്‍പരനായ മഹാബലി തമ്പുരാന് വിഭവസമൃദ്ധമായ സദ്യ ഒരുക്കുക എന്നതാണ് ഓണസദ്യയുടെ പിന്നിലുള്ള ഐതീഹ്യം. ഓണസദ്യക്ക് ഒരുക്കുന്ന വിഭവങ്ങളെ നമുക്ക് ഒന്നു പരിചയപ്പെടാം.

‘ഓണം പൊടി പൊടിക്കണം
കാളന്‍ കുറുകുറുക്കണം
കാളന്‍ കുറുകുറുക്കാഞ്ഞാല്‍
മുത്തച്ഛന്‍ പിറുപിറുക്കും ‘
എന്ന നാടന്‍ പാട്ടിലുണ്ട് ഓണസദ്യക്ക് ഒരുക്കുന്ന വിഭവങ്ങളുടെ കൃത്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ്. സദ്യക്ക് ഇലവെക്കുന്നകിനും കര്‍ശനമായ നിയമമുണ്ട് . നാക്കിലയാണ് സദ്യ വിളമ്പുക. വാഴയിലയുടെ തലഭാഗം അഥവാ വീതി കുറഞ്ഞ വശം ഇരിക്കുന്ന ആളിന്റെ ഇടത്തുവശത്തേക്കായിരിക്കണം. കായനുറുക്ക്, ശര്‍ക്കര വരട്ടി, ചേനനുറുക്ക്, കൊണ്ടാട്ടം എന്നിവ നാക്കിലയുടെ ഇടത്ത് ഭാഗത്തായി ആദ്യം വിളമ്പുന്നു. പിന്നീട് അച്ചാര്‍, ഇഞ്ചിപുളി എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു.
അടുത്തത് മധ്യഭാഗത്തുനിന്നും വലതുഭാഗത്തേക്ക് അവിയല്‍ ,തോരന്‍, കുറുക്കുകാളന്‍, കൂട്ടുകറി തുടങ്ങിയവയുടെ വരവാണ്. പഴത്തിന്റെ സ്ഥാനം ഇലയുടെ ഇടതുവശത്ത് താഴെയായാണ്. ഉപ്പ്, പരിപ്പ്, നെയ്യ് എന്നിവക്ക് പിറകേ ചോറു വിളമ്പുന്നു. തുടര്‍ന്ന് ചോറിലേക്കാണ് സാമ്പാര്‍, പുളിശ്ശേരി ,പരിപ്പുകറി എന്നിവ ഒഴിക്കേണ്ടത്. ഇതിനിടയില്‍ വലിയ പപ്പടവും ചെറിയപപ്പടവും ഇലയുടെ ഇടതുഭാഗത്തായി സ്ഥാനം പിടിച്ചിരിക്കും.

ചോറുണ്ടുകഴിഞ്ഞാല്‍ പിന്നെ പായസത്തിന്റെ വരവായി. പാലട പ്രഥമന്‍, പഴ പ്രഥമന്‍, ഗോതമ്പ് പ്രഥമന്‍, ചക്കപ്രഥമന്‍,പരിപ്പ് പ്രഥമന്‍, അരിപ്പായസം തുടങ്ങി വിവിധ നിറത്തിലും രുചിയിലുള്ള നിരവധി പായസങ്ങളുണ്ട്. സാധാരണസദ്യയില്‍ രണ്ട് പായസങ്ങളാണ് വിളമ്പുക. പായസത്തിനൊപ്പമാണ് പഴം കഴിക്കേണ്ടത്. പായസത്തിനൊപ്പം തെക്കന്‍ കേരളത്തില്‍ ബോളിയുണ്ടാകും.

പായസത്തിനു ശേഷം രസം, കാളന്‍ അഥവാ മോരുകറി, പച്ചമോര് എന്നിവ കൂട്ടിക്കഴിക്കുന്നതിനായി വീണ്ടും ചോറുവിളമ്പും. രസവും പച്ചമോരും ചേര്‍ത്ത് ഒരുപിടി ചോറുകൂടി ഉണ്ണുന്നതോടെയാണ് സദ്യ പൂര്‍ണമാകുന്നത്. മലബാര്‍ മേഖലയില്‍ വിഭവങ്ങളോടൊപ്പം ഇറച്ചി കറിയായും പൊരിച്ചും എത്തുന്നുണ്ട്. ഇതും ഓണസദ്യയില്‍ വ്യത്യസ്ത രുചിയറിച്ച് നാക്കിലയില്‍ ഇടം പിടിക്കുന്നു.

ഓണം വൈഷ്ണവ ആചാരമായാണ് തുടങ്ങിയതെന്നും പിന്നീട് സമൂഹം ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റുകയായിരുന്നെന്നും ചരിത്രകാരന്‍മാര്‍ പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ മാറ്റങ്ങളാണിന്ന് കാണുന്നത്. പഴയക്കാലത്ത് താഴ്ന്ന ജാതിക്കാരുടെ സദ്യയിലെ പ്രധാന വിഭവം മത്സ്യമായിരുന്നു. കാലക്രമേണ ഇതില്‍ മാറ്റങ്ങള്‍ വരികയായിരുന്നു. ഓണമെത്താറായി ഇനി വീട്ടുമുറ്റത്തെത്തുമ്പോള്‍ പച്ച എത്തക്കായ തൊലിയുരിഞ്ഞ് ചെറുതാക്കി മുറിച്ച് മഞ്ഞപ്പൊടി ചേര്‍ത്ത് ചൂടായ എണ്ണയിലേക്കിടുമ്പോള് അന്തരീക്ഷത്തിലേക്കുയരുന്ന ഗന്ധം തിരുവോണ സദ്യക്കുള്ള ആദ്യ പടയൊരുക്കത്തിനുള്ള തയാറെടുപ്പുകളിലേക്ക് നിങ്ങളെ ആനയിച്ചേക്കാം.