ഇത്തവണ സ്വീകരണ മുറിയില്‍ താരങ്ങളെത്താത്ത ഓണക്കാലം;ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനം

single-img
24 August 2017

 

കൊച്ചി: ദിലീപ് അറസ്റ്റിലായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചെന്നാരോപിച്ച് താരങ്ങള്‍ ഓണത്തിന് ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് സൂചന. ചാനല്‍പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് താരങ്ങള്‍ അനൗദ്യോഗിക തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഓണത്തിന് പുറത്തിറങ്ങുന്ന സിനിമകളുടെ പ്രചാരണത്തിന് ചാനലുകളില്‍ പോകേണ്ടതില്ലെന്നും താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. അങ്ങനെ വരികയാണെങ്കില്‍ ചലച്ചിത്രങ്ങള്‍ മാത്രം പ്രക്ഷേപണം ചെയ്ത് ചാനലുകള്‍ക്ക് ഈ വര്‍ഷത്തെ ഓണം ആഘോഷിക്കേണ്ടിവരും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കുന്നില്ല. ഓണത്തിനും ഈ നിലപാട് തുടരുന്നതാണ് നല്ലതെന്നാണ് ഇവരുടെ ഇടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായം. എന്നാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഇതിനോട് ഏത് തരത്തിലാണ് പ്രതികരിക്കുക എന്ന് ഉറപ്പില്ല.

എന്നാല്‍ ഈ തീരുമാനം താരങ്ങളെത്തന്നെയാണ് പ്രതികൂലമായി ബാധിക്കുകയെന്നുള്ളതാണ് ചാനലുകാര്‍ക്കിടയിലെ വിലയിരുത്തല്‍. നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്ന് ദിലീപ് അറസ്റ്റിലായതും ജനങ്ങള്‍ക്കിടയില്‍ സിനിമാ രംഗത്തോടുള്ള പ്രതിപത്തി കുറച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. ചാനലുകളിലൂടെയാണ് താരങ്ങള്‍ പ്രേക്ഷകനുമായി സംവദിക്കുന്നത്. അത് ഒഴിവാക്കുന്നതിലൂടെ തിരിച്ചടി അവര്‍ക്കു തന്നെയാണെന്നും ചാനല്‍ രംഗത്തുള്ളവര്‍ പറയുന്നു.