ഓണനാളുകൾക്ക് തുടക്കമാകുമ്പോൾ!

single-img
24 August 2017


പ്രകൃതി സുസ്‌മേരവദനയായി നിലയുറപ്പിച്ച സാലഭഞ്ജികയെ പോലെ പൂക്കളുമായി പൊന്‍ ചിങ്ങമാസത്തില്‍ കണി ഉണരുമ്പോള്‍ മലയാളികള്‍ക്ക് ഓണനാളുകളുടെ തുടക്കമാവുന്നു.ചെറുകുട്ടകളില്‍ പൂനുള്ളാന്‍ പൂപ്പൊലി പാട്ടുകളുമായി കുട്ടികള്‍ പ്രഭാതം മൊട്ടിട്ടുമ്പോള്‍ പാറി നടക്കുന്ന വര്‍ണകാഴ്ചകളാണ് പ്രധാനപ്പെട്ട ഓണക്കാഴ്ചകളിലൊന്ന്. തുമ്പയും തുളസിയും മുക്കുറ്റിയും നെയ്യാമ്പലും കര്‍ണ്ണികാരാശോക മല്ലികാ ജാതികളും പൂക്കളങ്ങളില്‍ ഇടം പിടിക്കുമ്പോള്‍ മലയാളികളുടെ മിഴി തിരയുന്നത് പൂക്കളത്തിലെ ബഹുവര്‍ണങ്ങളിലേക്കാണ്. മാവേലി തമ്പുരാനൊടൊപ്പം എത്തുന്ന പുലി വേഷങ്ങളും വള്ളം കളികളും ആര്‍പ്പുവിളികളുമെല്ലാം ഓണ നാളുകളെ സന്തോഷത്തിലാറാടിക്കുമ്പോള്‍ കോടിയുടുത്ത് ഓണമുണ്ണാന്‍ ഒരുങ്ങുന്ന തിരക്കിലാവും ഓരോ മലയാളികളും.


കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളുമില്ലാത്ത മാനുഷരെല്ലാരുമൊന്നുപോലെ, എന്നുള്ള മാവേലി തമ്പുരാന്റെ മഹനീയമായ തത്വത്തെ മുറുകെപ്പിടിക്കുന്ന കമനീയ സങ്കല്‍പ്പത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഓണം. ഒരുകാലത്ത് ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിഞ്ഞിരുന്നരും അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളമ്പിയിരുന്നതും ഇതേ ഓണക്കാലത്തായിരുന്നു.

പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിയും , ആണ്‍കുട്ടികളുടെ ഓണപ്പന്തുക്കളിയും, ഓണത്തല്ലും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി ഓണം പൊടിപൊടിക്കാന്‍ കാത്തിരിക്കുകയാണ് വരും ദിനങ്ങളില്‍ മലയാളികള്‍. അരിയിടിക്കലും, വറുക്കലും, കായവറുക്കലും, കൊണ്ടാട്ടമുണക്കലും ,അടപരത്തലും, അച്ചാറിനിടീലും , ചക്ക വരട്ടലും ഒക്കെയായി വീടുകളില്‍ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

പ്രച്ഛനവേഷമിട്ട് കുടവയറനായി ഓണത്തപ്പന്‍ എഴുന്നള്ളുമ്പോള്‍ വരവേല്‍ക്കാനുള്ള തിരക്കിലായിരുക്കും മലയാളികള്‍ ഓരോരുത്തരും. മറ്റെങ്ങുനിന്നും ലഭിക്കാത്തൊരു സുഖവും സന്തോഷവുമാണ് മാവേലി മന്നന്റെ പാട്ടുകള്‍ക്കുള്ളത്. തിരുവോണ സദ്യക്ക് വിളമ്പുന്ന തുമ്പപ്പൂ ചോറും പായസവുമെല്ലാം ഓണം സമ്മാനിക്കുന്ന മാധുര്യങ്ങളാണ്. വിനോദത്തിനും , വിശ്രമത്തിനും ഉള്ളമാസമാണ് ശ്രാവണം. ശ്രാവണ പുലരി നീ വരുമോ എന്നു തുടങ്ങുന്ന ഓണപ്പാട്ടും പ്രസിദ്ധമാണ്. ഓണത്തിന് മഞ്ഞ നിറം വളരെ പ്രധാനമാണ്. ഓണപ്പൂവ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധര്‍മ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നുണ്ട്. എന്നാല്‍ ഐതീഹ്യങ്ങളെയും ആചാരങ്ങളെയും കാറ്റില്‍ പറത്തി പതിയെ ആഘോഷങ്ങളെല്ലാം റെഡിമെയ്ഡാക്കി മാറ്റിയിരിക്കുകയാണ് മലയാളികള്‍ ഇപ്പോള്‍ .

ഓണചന്തയില്‍ പോകാനൊന്നും ആരും ഇപ്പോള്‍ മെനക്കെടാറില്ല. ഓണത്തിനിറങ്ങുന്ന കോമഡി കാസറ്റുകള്‍ വാങ്ങി കേള്‍ക്കുകയും ടെലിവിഷനിലെ ഓണപ്പടങ്ങള്‍ കാണുകയും തമിഴ്‌നാട്ടില്‍ നിന്ന് പൂക്കള്‍ വരുത്തി ഓണപ്പൂക്കളമിടുകയുമൊക്കെയാണ് മോഡേണ്‍ മലയാളി. കൂടാതെ ഓണസദ്യ പാഴ്‌സലായി വരുത്തുന്നതിലൂടെ ഓണമെന്നതു അവരവരില്‍ മാത്രം ഒതുങ്ങുന്ന ആഘോഷമായി ഈ ദിനങ്ങളില്‍ മാറ്റപ്പെടുന്നു.

സമൃദ്ധിയും സ്നേഹവുമുള്ള ഒരു കാലത്തെക്കുറിച്ച് നമ്മള്‍ നിര്‍മ്മിച്ചെടുത്ത ചില സ്വപ്നങ്ങളുടെ ഓര്‍മ്മകളുടെ പുന:സന്ദര്‍ശനത്തിന് ഇത് എന്ത് പറ്റി എന്നു പഴയ തലമുറ തന്നെ നമ്മോട് ചോദിച്ചു പോകുന്നുണ്ട്.