മോഹിപ്പിക്കുന്ന വിലക്കുറവും നിരവധി സവിശേഷതകളുമായി പുത്തന്‍ ‘വെര്‍ണ’ ഇന്ത്യയിലെത്തി

single-img
23 August 2017

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായിയുടെ സെഡാന്‍ ശ്രേണിയിലുള്ള ജനപ്രിയ മോഡല്‍ വെര്‍ണയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയിലെത്തി. മുന്‍ഗാമികളെക്കാള്‍ വിലക്കുറവിലാണ് പുത്തന്‍ വെര്‍ണ എത്തുന്നത് എന്നതാണ് കൂടുതല്‍ ആകര്‍ഷകം. 7.99 ലക്ഷമാണ് വെര്‍ണ പെട്രോള്‍ ബേസ് മോഡലിന്റെ ഡല്‍ഹി എക്‌സ് ഷോറും വില. 9.19 ലക്ഷമാണ് അടിസ്ഥാന ഡീസല്‍ മോഡലിന്റെ വില.

എന്നാല്‍ ആദ്യം വില്‍ക്കുന്ന 20000 കാറുകള്‍ക്ക് മാത്രമായിരിക്കും ഈ വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുക. പിന്നീട് കമ്പനി ഈ വില വര്‍ധിപ്പിക്കും. ഫാന്റം ബ്ലാക്ക്, സ്ലീക്ക് സില്‍വര്‍, സ്റ്റാര്‍ഡസ്റ്റ് പോളാര്‍ വൈറ്റ്, സിയെന്ന ബ്രൗണ്‍, ഫെറി റെഡ്, ഫ്‌ലയിം ഓറഞ്ച് എന്നീ നിറങ്ങളിലാണ് പുതിയ വെര്‍ണ ലഭ്യമാകുക.

ഡീസല്‍ വിഭാഗത്തില്‍ 1.6 ലീറ്റര്‍, യുടു, സിആര്‍ഡിഐ, വിജിടി എന്‍ജിനാണു കാറില്‍ ഇടംപിടിച്ചിരിക്കുന്നത്. 128 പി എസ് കരുത്തും 260 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 1.6 ലീറ്റര്‍, വി ടി വി ടി പെട്രോള്‍ എന്‍ജിന് പരമാവധി 123 പി എസ് കരുത്തും 155 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. പെട്രോള്‍ എഞ്ചിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന ഇന്ധനക്ഷമത 17.70km/l ആണെങ്കില്‍ ഡീസലിന് 24.75 km/l ആണ്. ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യത.

മുന്‍ഗാമികളേക്കാള്‍ കുറച്ച് വലുപ്പക്കൂടുതലുണ്ട് പുതുമുഖത്തിന്. നീളവും വീതിയും മുന്‍മോഡലിനെക്കാള്‍ വര്‍ധിച്ചു. 4440 എംഎം നീളവും 1729 എംഎം വീതിയും 1475 എംഎം ഉയരവും 2600 എംഎം വീല്‍ബേസും 480 ലിറ്റര്‍ ബുട്ട് സ്പേസ് കപ്പാസിറ്റിയും വാഹനത്തിനുണ്ട്. ഗ2 പ്ലാറ്റ്‌ഫോമില്‍ അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത്ത് സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണം ബോഡിക്ക് 32 ശതമാനം അധിക ഉറപ്പ് നല്‍കും.

വലുപ്പം കൂടുതലിന് അനുസരിച്ച് ഉള്‍ഭാഗത്തെ സ്ഥലവും കൂടി. യാത്രാ സൗകര്യങ്ങളുടെ കാര്യത്തില്‍ മറ്റൊരു വെല്ലുവിളിയുണ്ടാകാന്‍ പാടില്ലാത്ത തരത്തിലാണ് ഈ സെഗ്മന്റില്‍ വെര്‍ണ സജ്ജമായിരിക്കുന്നത്. കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയവയൊക്കെ പുത്തന്‍ വെര്‍ണയിലുണ്ട്.

ഡേ ടൈം റണ്ണിങ് ലാംപ് സഹിതം സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാംപ്, ഹെക്‌സഗണല്‍ ഗ്രില്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, പുത്തന്‍ മുന്‍ ബംപര്‍ എന്നിവയൊക്കെ പുതിയ വെര്‍ണയുടെ പ്രത്യേകതകളാണ്. പാര്‍ശ്വ വീക്ഷണത്തില്‍ കൂപ്പെയെയാണ് 16 ഇഞ്ച് അലോയ് വീല്‍ സഹിതമെത്തുന്ന പുതിയ വെര്‍ണ ഓര്‍മിപ്പിക്കുക.

പിന്നിലാവട്ടെ എല്‍ ഇ ഡി ടെയില്‍ ലാംപ്, ബൂട്ട് ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍, പരിഷ്‌കരിച്ച പിന്‍ ബംപര്‍ എന്നിവയുമുണ്ട്. ഡാഷ്‌ബോര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. ഇരട്ട നിറത്തിലാണ് ഡാഷ്‌ബോര്‍ഡ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും പുതിയതാണ്. ഡ്രൈവറോട് ചേര്‍ന്നാണ് സെന്‍ട്രല്‍ കണ്‍സോളിന്റെ സ്ഥാനം. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ പ്രീമിയം ലുക്ക് നല്‍കും.

മെച്ചപ്പെട്ട സുരക്ഷയ്ക്കായി സൈഡ് കര്‍ട്ടന്‍ എയര്‍ബാഗ്, ഓട്ടോ ഡിമ്മിങ് മിറര്‍, എ ബി എസ്, ഇ ബി ഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍/കാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്ക്ള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയൊക്കെ പുതിയ വെര്‍ണയിലുണ്ട്. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഫോക്സ്വാഗണ്‍ വെന്റോ എന്നിവരാണ് പുത്തന്‍ വെര്‍ണയുടെ എതിരാളികള്‍.