പ്രവാസികള്‍ക്ക് തിരിച്ചടി: സൗദിയില്‍ ഇനി പ്രൊഫഷന്‍ മാറ്റാന്‍ പറ്റില്ല

single-img
23 August 2017

റിയാദ്: രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ ഉദ്യോഗ മാറ്റം സൗദി ഭരണകൂടം നിര്‍ത്തിവെച്ചു. ഇക്കാലമത്രയും മറ്റു പ്രൊഫഷനുകളിലുള്ള വിസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് പ്രൊഫഷന്‍ മാറ്റാന്‍ അവസരമുണ്ടായിരുന്നു. പുതിയ തീരുമാനം വന്നതോടെ പുതിയ വിസകളില്‍ എത്തുന്നവര്‍ക്ക് പ്രൊഫഷന്‍ മാറ്റാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തിലാണ് തൊഴിലാളികളുടെ ഉദ്യോഗമാറ്റം അനിശ്ചിതകാലത്തേക്ക് നിറുത്തിവയ്ക്കുകയാണെന്ന് വ്യക്തമാക്കിയത്. കൂടാതെ എന്‍ജിനീയര്‍ വിസയിലല്ലാത്തവര്‍ ഇനി എന്‍ജിനീയറിംഗ് ജോലികളില്‍ തുടരാന്‍ പാടില്ലെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സും അറിയിച്ചു.

പ്രഫഷന്‍ മാറി വിദേശികള്‍ രാജ്യത്തെ വിവിധ തൊഴിലുകളില്‍ തുടരുന്നത് സ്വദേശിവത്കരണത്തിന് തടസ്സം സൃഷ്ടിക്കുമെന്നതാണ് പുതിയ നീക്കത്തിന് കാരണം. അതേസമയം, സ്വദേശികള്‍ ലഭ്യമല്ലാത്ത മൂന്ന് മേഖലകളില്‍ പ്രഫഷന്‍ മാറുന്നതിന് തൊഴില്‍ മന്ത്രാലയം ഇളവ് അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ജോലി, മത്സ്യബന്ധനം, മൃഗപരിപാലനം എന്നീ മേഖലകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് വിലക്കില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

എന്നാല്‍ പുതിയ നിയമം സൗദിയില്‍ ജോലി ചെയ്യുകയും, പുതിയ വിസകളില്‍ സൗദിയിലേക്ക് വരുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും. തൊഴില്‍ നിയമം അനുസരിച്ച് ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷന് വിരുദ്ധമായ തൊഴിലുകളില്‍ വിദേശികള്‍ ഏര്‍പ്പെടുന്നത് നിയമ ലംഘനമാണ്.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രൊഫഷനുകളിലുള്ള വിസകള്‍ പലപ്പോഴും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിലെല്ലാം കിട്ടിയ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രൊഫഷന്‍ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്.