ജയിലില്‍ ‘ചിന്നമ്മ’യുടെ തോന്ന്യവാസം: എം.എല്‍.എയുടെ വീട്ടിലും ശശികല സന്ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്

single-img
23 August 2017

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ.ശശികല ഹൊസൂറിലെ എം.എല്‍.എയെ വീട്ടിലെത്തി കണ്ടെന്ന് മുന്‍ ജയില്‍ ഡി.ഐ.ജി ഡി.രൂപ കര്‍ണാടക അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

ജയിലിന് സമീപത്തു തന്നെയുള്ള എംഎല്‍എയുടെ വീട്ടില്‍ ശശികല സന്ദര്‍ശിച്ചതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്നും രൂപ വ്യക്തമാക്കി. ശശികല എം.എല്‍.എയെ കാണാന്‍ പുറത്ത് പോയതിന്റെ ദൃശ്യങ്ങള്‍ ജയിലിന്റെ മുന്നിലെ കവാടത്തിലും ഒന്ന്, രണ്ട് നമ്പര്‍ ഗേറ്റുകളിലേയും സി.സി.ടി.വി കാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും രൂപ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശശികലയും ബന്ധു ഇളവരശിയും ജയിലില്‍ നിന്ന് പുറത്തുപോയിരുന്നതിനുള്ള തെളിവുകള്‍ രൂപ നേരത്തെ സമര്‍പ്പിച്ചിരുന്നു. ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ ഇരുവരും പുറത്തു പോകുന്നതിന്റെ ദൃശ്യങ്ങളാണ് നേരത്തെ കൈമാറിയത്. ശശികലയ്ക്ക് ജയിലിനകത്ത് പ്രത്യേക പരിഗണന ലഭിക്കുന്നെന്നും രൂപ നേരത്തേ പരാതിപ്പെട്ടിരുന്നു.

ശശികലയ്ക്ക് ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ സംബന്ധിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയേയും ആഭ്യന്തര സെക്രട്ടറിയേയും തെറ്റിദ്ധരിപ്പിച്ചുവെന്നും രൂപ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയിലില്‍ എല്ലാ പ്രതികളും വെള്ള വസ്ത്രമാണ് ധരിക്കാറുള്ളത്.

എന്നാല്‍, ശശികലയും ഇളവരശിയും സാരിയോ, സല്‍വാറും കമ്മീസുമോ ആണ് ധരിച്ചിരുന്നത്. ആഡംബരത്തോട് കൂടിയ കിടക്കയും മറ്റ് സൗകര്യങ്ങളും ശശികലയ്ക്ക് ലഭിച്ചിരുന്നു. ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്നും രൂപ പറഞ്ഞു.

ശശികലയെ നാലു വര്‍ഷം തടവിന് സുപ്രീംകോടതി ശിക്ഷിച്ച മാര്‍ച്ച് നാലിന് തന്നെ ജയില്‍ ഡി.ഐ.ജിയായിരുന്ന രൂപ ആഭ്യന്തര സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയെ കഌസ് 1 അല്ലെങ്കില്‍ കഌസ് എ കാറ്റഗറിയിലോ പെടുത്താനാവില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ശശികലയ്ക്ക് കഌസ് 1 വിഭാഗത്തില്‍പെട്ട കുറ്റവാളികളുടെ പരിഗണനയാണ് ലഭിച്ചിരുന്നത്.

ഇത്തരത്തില്‍ പ്രത്യേക പരിഗണന കിട്ടുന്നതിനായി ശശികല ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു രൂപയുടെ ആരോപണം. ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും പിന്നീട് ഇവ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതായും അവര്‍ വ്യക്തമാക്കി.

സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും പിന്നാലെ ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു.