ലോകത്തിലെ ഏറ്റവും വലിയ സമൂസ കണ്ടോളൂ…. ഭാരം 153.1 കിലോഗ്രാം

single-img
23 August 2017

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ സമൂസയുണ്ടാക്കി റെക്കോര്‍ഡ് നേടി ലണ്ടന്‍. 153.1 കിലോഗ്രാം ഭാരമുള്ള സമൂസ നിര്‍മ്മിച്ചാണ് ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ റെക്കോര്‍ഡ് തീര്‍ത്തത്. 2012ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോളേജ് നിര്‍മ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോര്‍ഡാണ് ഈ ഭീമന്‍ സമൂസ തകര്‍ത്തത്.

പന്ത്രണ്ട് പേരടങ്ങുന്ന മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കിഴക്കന്‍ ലണ്ടനിലെ ഒരു പള്ളിയില്‍ ഭീമന്‍ സമൂസയെന്ന പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയത്. പ്രത്യേകം നിര്‍മ്മിച്ച പാത്രത്തിലാണ് ഭീമന്‍ സമൂസ പൊരിച്ചെടുത്തത്. 15 മണിക്കൂര്‍ സമയമെടുത്താണ് സമൂസ നിര്‍മ്മാണവും പാകപ്പെടുത്തലും പൂര്‍ത്തിയാക്കിയത്. സമൂസയ്ക്ക് വേണ്ടി കൂട്ടൊരുക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അത് പൊരിച്ചെടുക്കുമ്പോള്‍ പൊട്ടി പോവുമോ എന്നായിരുന്നു തന്റെ പേടിയെന്ന് ഭീമന്‍ സമൂസയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഫരീദ് ഇസ്ലാം പറയുന്നു.

എന്നാല്‍ പൊരിച്ചെടുത്തപ്പോഴും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും സംഭവിച്ചില്ലെന്നും ത്രികോണാകൃതി നഷ്ടപ്പെട്ടില്ലെന്നും മികച്ച നേട്ടമാണ് ഇതെന്നും ഗിന്നസ് റെക്കോര്‍ഡ് വിധികര്‍ത്താവ് പ്രവീണ്‍ പട്ടേല്‍ പറഞ്ഞു.

സമൂസയ്ക്ക് രുചിയും ഗുണവും കുറവില്ലെന്ന ഫുഡ് ടേസ്റ്റ് പ്രതിനിധിയുടെ വിധി കൂടി വന്നതോടെ പന്ത്രണ്ടംഗ സംഘത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്തായാലും ഭീമന്‍ സമൂസയെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് തുടങ്ങിയ പരിശ്രമം വിജയത്തിലെത്തിയതിന്റെ ആവേശത്തിലാണ് പരിപാടിയുടെ സംഘാടകര്‍. റെക്കോര്‍ഡ് രേഖപ്പെടുത്തിയതിനു ശേഷം ഭീമന്‍ സമൂസ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്തു.