ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ്

single-img
23 August 2017

 

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിണറായി ലാവ്‌ലിന്‍ ഇടപാടില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാന്‍ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് പി.ഉബൈദാണ് വിധി പ്രസ്താവിച്ചത്. വിധി മുഴുവന്‍ വായിച്ചതിനുശേഷമേ വാര്‍ത്ത നല്‍കാവൂയെന്ന് മാധ്യമങ്ങള്‍ക്ക് ജഡ്ജി നിര്‍ദേശം നല്‍കിയിരുന്നു. വിധി പറയാന്‍ മാറ്റിയശേഷം ഊമക്കത്തുകള്‍ കിട്ടിയെന്നു പറഞ്ഞ ജഡ്ജി, 202 പേജുള്ള വിധിന്യായം മുഴുവന്‍ വായിച്ചു കേള്‍പ്പിക്കുമെന്നും വ്യക്തമാക്കി. പെട്ടെന്ന് വിധി പറയാന്‍ തീരുമാനിച്ചത് ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനാണ്. പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

1998ല്‍ വൈദ്യുതി മന്ത്രിയായിരിക്കേയാണ് ലാവ്‌ലിന്‍ കേസ് പിണറായിയെ പിടികൂടുന്നത്. പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാര്‍ വൈദ്യുതി വകുപ്പിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

പദ്ധതി നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജിയും സി.പി.എം നിയോഗിച്ച ബാലാനന്ദന്‍ കമ്മിറ്റിയും കണ്ടെത്തിയിരുന്നു. വൈദ്യുതി മന്ത്രിസ്ഥാനം രാജിവച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയായ പിണറായിക്ക് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം കരിനിഴല്‍ പോലെ ലാവ്‌ലിന്‍ കേസ് പിന്തുടര്‍ന്നിരുന്നു.

കേസില്‍ സിബിഐ അന്വേഷണം നടത്തുകയും 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരും ക്രൈം എഡിറ്റര്‍ നന്ദകുമാറും നല്‍കിയ ഉപഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. പുനഃപരിശോധാ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയ ധൈര്യത്തിലാണ് പിണറായി പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ച് മുഖ്യമന്ത്രിയായതും.