കൂടെനിന്ന പാര്‍ട്ടിയോടും സഖാക്കന്മാരോടും നന്ദി പറഞ്ഞ് പിണറായി: ‘സത്യം തെളിഞ്ഞതില്‍ സന്തോഷം’

single-img
23 August 2017

ലാവ്‌ലിന്‍ കേസില്‍ സത്യം തെളിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവലിന്‍ കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ഹൈക്കോടതി വിധിയോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവില്‍ സന്തോഷത്തിന്റെതായ വേളയിലും തന്റെ ഉളളില്‍ വളരെ വേദനിപ്പിക്കുന്ന ഒരു ദുഃഖമുണ്ടെന്ന് വ്യക്തമാക്കിയാണ് പിണറായി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

അത്യന്തികമായി സത്യം തെളിയിക്കുന്നതിനുളള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച എം.കെ ദാമോദരന്‍ ഇപ്പോള്‍ ഇല്ലല്ലോ എന്ന സങ്കടമാണ് അതെന്നും അദ്ദേഹത്തെ ഓര്‍ക്കാതെ കേസുമായി ബന്ധപ്പെട്ട ഒന്നുംതന്നെ പരാമര്‍ശിക്കാന്‍ വയ്യെന്നും പിണറായി പറഞ്ഞു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യം തെളിഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് കേസിന്റെ നാള്‍വഴികള്‍ സൂചിപ്പിച്ച് പിണറായി വിശദമാക്കി.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. തന്നെ കേസില്‍പ്പെടുത്താന്‍ സിബിഐയുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളേറെയുണ്ടായിരുന്നു. ഇവര്‍ക്കു വഴങ്ങിയാണ് സിബിഐ പ്രവര്‍ത്തിച്ചത്. തന്നെ മുന്‍നിര്‍ത്തി സിപിഎമ്മിനെ വേട്ടയാടാന്‍ ഈ കേസ് പലരും ഉപയോഗിച്ചു. എന്നാല്‍ തന്നെ തകര്‍ക്കാന്‍ കാത്തിരുന്നവര്‍ക്ക് കോടതി വിധിയോടെ നിരാശരാകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ മുന്‍നിര്‍ത്തി സിപിഎമ്മിനെ ആക്രമിക്കാനാണ് രാഷ്ട്രീയ എതിരാളികള്‍ കേസുപയോഗിച്ചത്. ഒരുപാട് പേര്‍ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. തന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഈ ദിവസം നിര്‍ണായകമായിരുന്നു.

കേസില്‍ സത്യം തെളിയുമെന്ന് നേരത്തെ തന്നെ താന്‍ പ്രഖ്യാപിച്ചതാണ്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിരുന്നു. കേസ് സിബിഐക്ക് വിട്ടപ്പോള്‍ തന്നെ നടത്തിയ പ്രാഥമിക പരിശോധനയില്‍ തനിക്കെതിരേ കേസെടുക്കാന്‍ പാകത്തിനുള്ള തെളിവുകള്‍ ഒന്നുമില്ലെന്നായിരുന്നു അവരുടെ നിരീക്ഷണം. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഉടപെടലിലൂടെയാണ് തന്നെ സിബിഐ വേട്ടയാടിയത്. ജുഡീഷറിയോട് എല്ലാ കാലവും ആദരവ് പ്രകപ്പിടിച്ചിരുന്ന വ്യക്തിയാണ് താനെന്നും അതിനാല്‍ സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന് വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിവിനു വിരുദ്ധമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ആഘോഷം അരങ്ങേറി. മധുരം വിതരണം ചെയ്താണ് പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സന്തോഷം പങ്കുവച്ചത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പം സന്തോഷം പങ്കിടാന്‍ മന്ത്രിസഭാംഗങ്ങളും എത്തിയിരുന്നു.

ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കേസില്‍ പിണറായി വിജയനെ കുടുക്കിയെന്ന സിപിഎമ്മിന്റെ വാദം ശരിയായിരിക്കുകയാണ്. സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് വിധി.

കോടതി വിധിയോടെ ഇനിയും ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കാനുള്ള അവസരവും ഇല്ലാതായി. സിപിഎമ്മിനെ തകര്‍ക്കാനുള്ള ഗൂഢനീക്കമായിരുന്നു നടന്നതെന്നും ഇനിയെങ്കിലും സിബിഐയെ ഉപയോഗിച്ച് ഇത്തരം കേസുകള്‍ സൃഷ്ടിക്കുന്ന പ്രവണത കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ലാവലിന്‍ കേസില്‍ സത്യം ജയിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു. കേസില്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കാണാന്‍ സുധാകരന്‍ ക്ലിഫ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. പിണറായി തകര്‍ക്കാനായി രാഷ്ട്രീയ എതിരാളികള്‍ കേസ് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പിണറായി വിജയനെ സിബിഐ ബലിയാടാക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പിണറായി വിജയനെ കൂടാതെ ഒന്ന്, എട്ട് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഒന്നാം പ്രതിയായ കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവര്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയാണ്. എന്നാല്‍ കേസില്‍ രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു.

പിണറായി വിജയന് അനുകൂലമായ നിരീക്ഷണങ്ങളായിരുന്നു കോടതി നടത്തിയത്. പിണറായിക്കെതിരെ പ്രഥമദ്യഷ്ട്യാ കേസില്ലെന്ന് കോടതി വ്യക്തക്കി. പിണറായി വിജയന്‍ കേസില്‍ പ്രതിയല്ല. പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടിയെന്നും കോടതി വിമര്‍ശിച്ചു.

അന്നത്തെ കെ.എസ്.ഇ.ബി ചെയര്‍മാനും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് ഇടപാടിന് പിന്നില്‍. അന്നത്തെ വൈദ്യുതിമന്ത്രിയെ മാത്രം കുറ്റപ്പെടുത്താനാവില്ല. അതിനു മുന്‍പും ശേഷവും വന്ന മന്ത്രിമാര്‍ ലാവ്‌ലിനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

കാബിനറ്റ് രേഖകളിലും പിണറായിക്ക് എതിരെ തെളിവില്ല. ഈ പദ്ധതിക്ക് വേണ്ടി മലബാര്‍ കാന്‍സര്‍ സെന്ററിന് പണം നിക്ഷേപിക്കാമെന്ന കരാറുണ്ടെന്ന സി.ബി.ഐയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പണം കരാറിന്റെ ഭാഗമല്ല. വാഗ്ദാനം മാത്രമാണ്.

കാന്‍സര്‍ സെന്ററിന് നല്‍കാമെന്ന് ലാവ്‌ലിന്‍ ഏറ്റിരുന്ന പണം അവരുടെ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അത് നേടിയെടുക്കാന്‍ 2002ല്‍ വരെ ശ്രമം നടത്തിയെന്നും പിണറായിയുടെ അഭിഭാഷകന്‍ വാദത്തിനിടെ ഉന്നയിച്ചിരുന്നു.

202 പേജുള്ള വിധി ന്യായമാണ് ജസ്റ്റിസ് ഉബൈദ് വായിച്ചത്. വിധി പ്രസ്താവം പൂര്‍ണമായി വായിച്ച ശേഷം മാത്രമേ വാര്‍ത്ത നല്‍കാവൂ എന്ന് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ജഡ്ജി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേസില്‍ വാദം പൂര്‍ത്തിയാശേഷം തനിക്ക് ഊമക്കത്തുകള്‍ ലഭിച്ചെന്നും ജഡ്ജി പറഞ്ഞു. പെട്ടെന്ന് വിധി പ്രസ്താവിക്കാന്‍ തീരുമാനിച്ചത് തെറ്റായി വ്യാഖ്യാനിക്കാതിരിക്കാനാണെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ നിന്ന് കുറ്റമുക്തനായി എന്ന ആശ്വാസം മാത്രമല്ല, രാഷ്ട്രീയമായി വലിയ മൈലേജ് കൂടിയാണ് വിധി പിണറായിക്ക് നല്‍കുന്നത്. സി.ബി.ഐ ബലിയാടാക്കി എന്ന് സി.പി.എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കേന്ദ്രത്തിനെതിരെ ഉപയോഗിക്കാന്‍ സാധിക്കും.

വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചാലും അവിടെയും ഈ വിധിന്യായം ഉന്നയിക്കാന്‍ പിണറായിക്ക് കഴിയും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസിലെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന സി.പി.എമ്മിന്റെ നിലപാടിന് ഊര്‍ജം പകരുന്നതുമാണ് ഇന്നത്തെ വിധി. പാര്‍ട്ടി നിലപാട് കോടതി ശരിവച്ചുവെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം വിധിയോട് ആദ്യം പ്രതികരിച്ചത്.