ലാവ്‌ലിന്‍ ‘ബാധയെ ഒഴിപ്പിച്ചു’: ‘ഇരട്ടച്ചങ്കന്’ ഇനി കരുത്തേറും

single-img
23 August 2017

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി പിണറായിയുടെ ‘ഇരട്ടച്ചങ്കിന്’ കരുത്തേകുകയാണ്. ഒരു പക്ഷേ, പിണറായി കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയായിരുന്നിരിക്കണം. ഇനിയങ്ങോട്ട് പിണറായി വിജയന്‍ എന്ന ഭരണാധികാരിയുടെ പുതിയൊരു മുഖമായിരിക്കും കേരളം കാണുക. ആശങ്കകളും സന്ദേഹങ്ങളുമൊഴിഞ്ഞ് പിണറായിക്ക് ഇനിയങ്ങോട്ട് സുഗമമായി മുന്നോട്ട് നീങ്ങാം.

അപാരമായ ധാര്‍മ്മിക പിന്‍ബലമാണ് ഹൈക്കോടതി വിധി പിണറായിക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നത്. ബിജെപിക്കെതിരെ ദേശീയതലത്തില്‍ ഉടലെടുക്കുന്ന പ്രതിപക്ഷ നീക്കങ്ങളുടെ മുന്‍നിരയിലേക്ക് പിണറായി കടന്നുവന്നാലും ഇനി അത്ഭുതപ്പെടേണ്ടതില്ല. പാര്‍ട്ടിയിലും ഭരണത്തിലും പിണറായിക്ക് മുന്നില്‍ ഇപ്പോള്‍ പ്രതിബന്ധങ്ങളില്ല. കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ പരിണമിക്കുന്ന കാഴ്ചയായിരിക്കാം വരും ദിവസങ്ങളില്‍ കാണാന്‍ പോവുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മര്‍ദ്ദനം അനുഭവിച്ചും എതിരാളികളുടെ ഭീഷണികളെ നേരിട്ടുമാണ് പാര്‍ട്ടിയുടെ അമരക്കാരനായി പിണറായി വളര്‍ന്നത്. മന്ത്രിയായപ്പോള്‍ വിമര്‍ശകര്‍ പോലും മികച്ച വൈദ്യുതി മന്ത്രിയെന്ന് വിലയിരുത്തി. സംസ്ഥാനത്ത് അധിക വൈദ്യുതി ഉല്‍പാദനത്തിന് വഴി തെളിഞ്ഞത് ആ കാലത്തായിരുന്നു.

കേരളത്തിന്റെ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പുള്ള നേതാവായിട്ടാണ് നിഷ്പക്ഷമതികള്‍ പിണറായിയെ കാണുന്നത്. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ കാട്ടിയ മികവ് അതിനൊരു കാരണമാകാം. അങ്ങനെയൊരു നേതാവിനെ ഒറ്റപ്പെടുത്തി തകര്‍ക്കുകയെന്ന തന്ത്രവും ലാവ്‌ലിന്റെ പിന്നിലുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. പുറമെ പരുക്കനെന്ന് തോന്നുമെങ്കിലും അടുത്തിടപഴകാന്‍ അവസരം ലഭിച്ചവര്‍ക്കൊക്കെ ഊഷ്മളമായ സൗഹൃദം സമ്മാനിച്ച നേതാവാണ് പിണറായി വിജയന്‍.

സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വലിയ വ്യക്തി ബന്ധവും അദ്ദേഹത്തിനുണ്ട്. സംസ്ഥാനത്ത് സി.പി.എമ്മിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച സെക്രട്ടറി എന്ന ഖ്യാതിയും പിണറായിക്ക് മാത്രം സ്വന്തം.
മൂന്ന് വര്‍ഷം മാത്രം വൈദ്യുതി മന്ത്രിയായിരുന്ന കേരളത്തെ ഇരുട്ടില്‍ നിന്ന് രക്ഷിച്ച പിണറായി വിജയനെ, അതിനും മുമ്പ് തന്നെ ലാവ്‌ലിന്‍ ആരോപണം വേട്ടയാടിത്തുടങ്ങിയിരുന്നു. 1996ലെ കേരളം, പ്രത്യേകിച്ച് വടക്കന്‍ മേഖല മണിക്കൂറുകള്‍ നീളുന്ന ലോഡ് ഷെഡിംഗിന്റെയും വോള്‍ട്ടേജ് ക്ഷാമത്തിന്റെയും കേന്ദ്രമായിരുന്നിടത്താണ് പിണറായി വിജയന്റെ വിജയഗാഥ തുടങ്ങുന്നത്.

1944 മാര്‍ച്ച് 21ന് കണ്ണൂരിലെ പിണറായിയില്‍ ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റേയും കല്യാണിയുടേയും മകനായി വിജയന്റെ ജനനം. ദാരിദ്രം നിറഞ്ഞ ചുറ്റുപാടുകളിലൂടെ പഠനം. പിണറായി യുപി സ്‌കൂളിലും പെരളശ്ശേരി ഹൈസ്‌ക്കൂളിലുമായി വിദ്യാഭ്യാസം. പഠനത്തിന് ശേഷം നെയ്ത്തു തൊഴിലാളിയായി ഒരു വര്‍ഷം ജോലി ചെയ്ത ശേഷം പ്രീയൂണിവേഴ്‌സിറ്റി പഠനത്തിനായി തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നു. ഇവിടെ തന്നെ ബിരുദ പഠനവും പൂര്‍ത്തിയാക്കി.

ബ്രണ്ണന്‍ കോളേജിലെ പഠന കാലം ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ ശക്തമായ രംഗപ്രവേശന കാലമായി. നിരവധി സമരങ്ങളിലൂടെ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനായി. കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. പിന്നീട് ഇടത് യുവജന പ്രസ്ഥാനമായ കെഎസ്വൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

23ആം വയസ്സില്‍ കണ്ണൂരിലെ ദിനേശ് ബീഡി സഹകരണ സംഘത്തെ തകര്‍ക്കാന്‍ കര്‍ണ്ണാടകയില്‍ നിന്നെത്തിയ മാംഗ്ലൂര്‍ ഗണേഷ് ബിഡിക്കമ്പനി മുതലാളിമാരുടെ ക്രിമിനല്‍ സംഘത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍പന്തിയില്‍ നിന്നു. 24ാം വയസ്സില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലും 28ാം വയസില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി പിണറായി വിജയന്‍

1970, 1977, 1991 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ നിന്ന് മല്‍സരിച്ച് പിണറായി വിജയന്‍ നിയമസഭയിലെത്തി. 1996ല്‍ പയ്യന്നൂരില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയുമായി.

ഒന്നര വര്‍ഷക്കാലം ജയില്‍ വാസം അനുഭവിച്ചിട്ടുള്ള പിണറായി വിജയന്‍ അടിയന്തരാവസ്ഥ കാലത്താണ് കൊടിയ പീഡനങ്ങള്‍ക്ക് ഇരയായത്. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പൊലീസില്‍ നിന്നേറ്റ കൊടിയ മര്‍ദ്ദനങ്ങള്‍ നിയമസഭയില്‍ രക്തം പറ്റിയ ഷര്‍ട്ടുമായെത്തി പിണറായി വിജയന്‍ വിളിച്ചു പറഞ്ഞു.

നിയമസഭയിലെ ആ പ്രസംഗം ചരിത്ര ഏടുകളില്‍ ഒന്നാണ്. അന്യായമായി കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ വെച്ച് പൊലീസ് അതി ക്രൂരമായി തല്ലിച്ചതച്ചുവെങ്കിലും പോരാട്ടവീര്യം നിശ്ചയ ദാര്‍ഡ്യം കൈവിട്ടില്ല. അടിയന്തരാവസ്ഥ കാലത്തെ പൊലീസിന്റെ തലപ്പത്തുണ്ടായിരുന്ന ജയറാം പടിക്കല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ പൊലീസ് തല്ലിച്ചതച്ച കാലുകള്‍ ഉയര്‍ത്തി കാര്‍ക്കശ്യത്തോടെ വെല്ലുവിളിക്കുവാനും പിണറായി മടിച്ചില്ല.

1998ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം ഉപേക്ഷിച്ച് പിണറായി വിജയന്‍ സിപിഐഎമ്മിന്റെ കേരളത്തിലെ സാരഥിയായി. 1998 മുതല്‍ 2015 വരെ 17 വര്‍ഷക്കാലും സിപിഐഎമ്മിന്റെ അമരക്കാരനായി പിണറായി നയിച്ചു. നിരവധി തവണ ഗുരുതരമായി ആക്രമണങ്ങള്‍ പിണറായി വിജയന്‍ നേരെ ഉണ്ടായി. എന്നാല്‍ പോരാട്ട വീര്യം കൊണ്ട് തളരാതെ പിടിച്ച് നില്‍ക്കാന്‍ പിണറായിക്ക് കഴിഞ്ഞു.