ലാവലിന്‍: സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

single-img
23 August 2017

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം. ഇക്കാര്യത്തില്‍ വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തല്‍ നിലനില്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സി.ബി.ഐ പിണറായിയെ കുടുക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആക്ഷേപം ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വരിക കൂടി ചെയ്തത് വളരെ ഗൗരവമായാണ് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ നോക്കിക്കാണുന്നത്. പിണറായി വിജയനെ തിരഞ്ഞുപിടിച്ച് കേസില്‍ പ്രതി ചേര്‍ക്കാന്‍ സിബിഐ ശ്രമിച്ചുവെന്നതാണ് ഗുരുതര പരാമര്‍ശം. ലാവ്ലിന്‍ ഇടപാടുമായി ബന്ധമുള്ള മറ്റു വൈദ്യുതി വകുപ്പ് മന്ത്രിമാരെ ഒഴിവാക്കിയ സിബിഐ, പിണറായി വിജയനെ മാത്രം എന്തിനു പ്രതിയാക്കിയെന്ന ചോദ്യമാണ് വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് പി.ഉബൈദ് ഉന്നയിച്ചത്.

എന്നാല്‍ വ്യക്തമായ കൗണ്ടര്‍ തയ്യാറാക്കി നിയമ പോരാട്ടം ശക്തമായി തുടരാനാണ് സിബിഐയുടെ നീക്കം.പിണറായിയെ കുറ്റവിമുക്തമാക്കുകയും പ്രതിസ്ഥാനത്ത് ഒപ്പമുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞതും അപ്പീലില്‍ ചോദ്യം ചെയ്യും. ഇതോടെ ലാവ് ലിന്‍ കേസിലെ നിയമ പോരാട്ടം വീണ്ടും കടുത്തതാകുമെന്ന് ഉറപ്പാണ്.