‘കാവ്യമാധവന്‍ വഴി 25,000 രൂപ പള്‍സര്‍ സുനിക്ക് കൊടുത്തു; ദിലീപ് കൃത്യം നടത്താന്‍ മികച്ച കളിക്കാരനെ തന്നെ ഇറക്കി’

single-img
23 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കീഴടങ്ങാനെത്തുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സുനി ചെന്നിരുന്നതായും കാവ്യ വഴി ദിലീപ് 25000 രൂപ നല്‍കിയതായും പ്രോസിക്യൂഷന്‍ വാദിച്ചു.

കാവ്യാ മാധവന്റെ വസ്ത്രവ്യാപാര ശാലയായ ലക്ഷ്യയില്‍ വിളിച്ച് സുനി പണം ആവശ്യപ്പെട്ടതിന്റെ തെളിവുണ്ട്. കാവ്യാ മാധവന്റെയും കുടുംബത്തിന്റേയും തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി ആയിരുന്നു ഡ്രൈവറെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ഫോണില്‍ നിന്നും കാവ്യയുടെ കടയിലേക്ക് സുനി വിളിച്ചിരുന്നു.

ദിലീപിനോട് പറയാനുള്ള കാര്യം പറഞ്ഞതായും സുനി മൊഴി നല്‍കിയിട്ടുണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താന്‍ മികച്ച കളിക്കാരനെ തന്നെയാണ് ഇറക്കിയതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കേസില്‍ 169 രേഖകകളും 223 തെളിവുകളും 15 പേരുടെ രഹസ്യമൊഴികളും ദിലീപിനെതിരായി ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ ദിലീപും സുനിയും തമ്മില്‍ കണ്ടതിന് തെളിവുണ്ട്. ഇക്കാര്യം ജീവനക്കാരന്‍ രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ട്. മൊബൈലും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞതെങ്കിലും അന്വേഷണ സംഘം അത് വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപ്പെടാനായി പറഞ്ഞതാണിത്. ഇനിയും ഇത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പ്രോസിക്യൂഷന്റെ ഇന്നത്തെ വാദവും കഴിഞ്ഞ ദിവസം സുനി പറഞ്ഞ കാര്യങ്ങളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ കാവ്യ മാധവനെയും കേസിലേക്ക് വലിച്ചിഴക്കുമെന്നാണ് സൂചന. ഒരു ‘മാഡം’ പണം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മാഡത്തിന് കേസില്‍ പങ്കില്ലെന്നുമാണ് സുനി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കാവ്യയ്ക്ക് കേസില്‍ പങ്കില്ലെന്നും അവര്‍ അറിയാതെ അവരെ ദിലീപ് പണം കൈമാറാന്‍ ഉപയോഗിച്ചതാകാമെന്ന നിഗമനവും പ്രോസിക്യൂഷന്‍ തള്ളികളയുന്നില്ല.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിയ്ക്ക് കൈമാറി.

ഇന്നലെയും ഇന്നുമായി ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. പൊലീസിനെതിരെ ശക്തമായ വാദങ്ങളാണ് ദിലീപിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാമന്‍പിള്ള ഉന്നയിച്ചത്. കള്ളന്മാര്‍ ഉണ്ടാക്കിയ കഥയ്ക്കനുസരിച്ചാണ് പൊലീസ് നീങ്ങുന്നതെന്ന് പ്രതിഭാഗം വാദിച്ചു. സുനിയുടെ കുമ്പസാരമല്ലാതെ പൊലീസിന്റെ കൈയില്‍ മറ്റൊരു തെളിവുമില്ലെന്നും രാമന്‍പിള്ള പറഞ്ഞു.

സുനി ജയിലില്‍ വച്ച് ദീലീപിനെഴുതിയതെന്ന് പറയുന്ന കത്തിന്റെ ആധികാരികതയെ പ്രതിഭാഗം ചോദ്യം ചെയ്തു. മുന്‍പ് തന്നെ പൊലീസ് മര്‍ദ്ദിച്ചതായി കാണിച്ച് അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിന് അയച്ച കത്തിനുള്ളതെന്നും ഇത് പള്‍സര്‍ സുനിയുടെ ഭാഷയല്ലെന്നും പറഞ്ഞ പ്രതിഭാഗം ഗൂഢാലോചനയുടെ ഭാഗമായി പുറത്തു നിന്ന് തയ്യാറാക്കിയതാണ് ദിലീപിനയച്ച കത്തെന്നും വാദിച്ചു.

കത്ത് കൃത്യമായ ലക്ഷ്യത്തോടെ മനപൂര്‍വം തയ്യാറാക്കിയതാണ്. ഇതിന് പിന്നില്‍ മറ്റാരോ ഉണ്ട്. 1, 9, 10 പ്രതികള്‍ എഴുതിയതല്ല കത്തെന്നും രാമന്‍പിള്ള പറഞ്ഞു. ഡ്രൈവര്‍ റൂമിലെത്തി ഗൂഢാലോചന നടത്തിയെന്നത് ബുദ്ധിക്ക് നിരക്കാത്തതാണ്. എല്ലാ താരങ്ങളും അന്ന് അബാദ് പ്ലാസ ഹോട്ടലില്‍ ഉണ്ടായിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലമായി ലഭിക്കുമായിരുന്നെങ്കില്‍ പ്രതി ഉടന്‍ തന്നെ കൃത്യം നിര്‍വഹിക്കുമായിരുന്നില്ലേ? നാലു വര്‍ഷം വൈകിപ്പിക്കുമായിരുന്നോ? തൃശൂരിലെ ജോയ് പാലസ് ഹോട്ടലിന് മുന്നിലെ കാര്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ വച്ച് സുനിക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നതും വിശ്വാസ്യമല്ല.

സിനിമാ താരമായതിനാല്‍ പുറത്തിറങ്ങിയാല്‍ ജനം വളയും. അതിനാല്‍ അവിടെ വച്ച് എങ്ങനെ ആരും കാണാതെ പണം കൈമാറുമെന്നും പ്രതിഭാഗം ചോദിക്കുന്നു. അതേസമയം എറണാകുളത്ത് നടന് കടയുള്ളപ്പോള്‍ ഭാര്യാ മാതാവിന്റെ കടയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുമോ എന്നും പ്രതിഭാഗം ചോദിക്കുന്നു. ഇരുപത് പോയിന്റുകളാണ് പ്രതിഭാഗം പ്രധാനമായും ഉന്നയിച്ചത്.