കഴിക്കേണ്ട കാര്യമില്ല; കാന്താരി മുളകിന്റെ വില കേട്ടാലേ എരിയും: കിലോയ്ക്ക് 1500 രൂപ

single-img
23 August 2017

എരിവിന്റെ കാര്യത്തില്‍ കാന്താരി എന്ന കുഞ്ഞന്‍ മുളകിനെ വെല്ലാന്‍ മറ്റൊന്നും തന്നെയില്ല. എന്നാല്‍ എരിവുപോലെതന്നെ വിലയുടെ കാര്യത്തിലും കറുത്ത പൊന്നെന്നറിയപ്പെടുന്ന കുരുമുളകിനെ വരെ പിന്നിലാക്കിയിരിക്കുകയാണ് കാന്താരി. 1500 രൂപയാണ് ഒരു കിലോ കാന്താരിയുടെ ഇപ്പോഴത്തെ വിപണി വില.

ഒരുകാലത്ത് വയനാട്ടിലെ തോട്ടങ്ങളില്‍ ഇവ യഥേഷ്ടം ഉണ്ടായിരുന്നു. പ്രത്യേക പരിചരണം ആവശ്യമില്ലാതെ തന്നെ വീട്ടാവശ്യത്തിനുള്ള മുളകിന് ക്ഷാമമുണ്ടായില്ല. നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കെല്ലാം രുചി പകരുന്നതില്‍ കാന്താരി മുളകിന്റെ പങ്ക് ചെറുതായിരുന്നില്ല. എന്നാല്‍ ഒരു വരുമാന മാര്‍ഗമെന്ന നിലയില്‍ കാന്താരി കൃഷി ചെയ്ത് പരിപാലിക്കുന്ന രീതി അന്നുണ്ടായിരുന്നില്ല.

പിന്നീട് കൊളസ്‌ട്രോള്‍ കുറയാനും ഹൃദ്രോഗം പ്രതിരോധിക്കാനും കാന്താരി നല്ലതാണെന്ന പ്രചാരണമാണ് തനി നാടനായ ഇവയെ വിപണിയില്‍ താരമാക്കിയതും ഇതിന്റെ ഡിമാന്റ് വര്‍ധിച്ചതും. തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ചെറിയ രീതിയില്‍ കാന്താരി കൃഷി ചെയ്തു തുടങ്ങുകയായിരുന്നു. പക്ഷേ കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കാന്താരി കൃഷി ഇനിയും വ്യാപകമാകാത്തതിനാല്‍ ആവശ്യത്തിനനുസരിച്ചുള്ള ലഭ്യതക്കുറവ് ഇതിന്റെ വില കൂടാന്‍ കാരണമായി. ഇപ്പോള്‍ റെക്കാര്‍ഡ് വിലയിലെത്തി നില്‍ക്കുകയാണ്.

സംസ്ഥാനത്ത് മലയോര പ്രദേശങ്ങളിലാണ് കാന്താരി വ്യാപകമായി കണ്ടുവരുന്നത്. റബര്‍ തോട്ടങ്ങളില്‍ സ്വാഭാവികമായി വളരും. മുളകിന് ഔഷധഗുണമുണ്ടെന്ന് പ്രചരിച്ചതോടെ നഗര പ്രദേശങ്ങളിലും ചെടി ആളുകള്‍ വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. മലയോര മേഖലകളില്‍നിന്ന് ശേഖരിച്ചാണ് വിപണിയില്‍ എത്തിക്കുന്നത്. ഇവര്‍ക്ക് ആയിരം രൂപയില്‍ താഴെയാണ് കിലോക്ക് ലഭിക്കുന്നത്. പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ കാന്താരി മുളക് കൃഷി വ്യാപകമാണ്.