‘സിബിഐ പിണറായിയെ ബലിയാടാക്കി’: ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി

single-img
23 August 2017

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസ വിധി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പിണറായി വിജയനെ സിബിഐ ബലിയാടാക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പിണറായി വിജയനെ കൂടാതെ ഒന്ന്, എട്ട് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഒന്നാം പ്രതിയായ കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവര്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയാണ്. എന്നാല്‍ കേസില്‍ രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു.

പിണറായി വിജയന് അനുകൂലമായ നിരീക്ഷണങ്ങളായിരുന്നു കോടതി നടത്തിയത്. പിണറായിക്കെതിരെ പ്രഥമദ്യഷ്ട്യാ കേസില്ലെന്ന് കോടതി വ്യക്തക്കി. പിണറായി വിജയന്‍ കേസില്‍ പ്രതിയല്ല. പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടിയെന്നും കോടതി വിമര്‍ശിച്ചു.

അന്നത്തെ കെ.എസ്.ഇ.ബി ചെയര്‍മാനും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് ഇടപാടിന് പിന്നില്‍. അന്നത്തെ വൈദ്യുതിമന്ത്രിയെ മാത്രം കുറ്റപ്പെടുത്താനാവില്ല. അതിനു മുന്‍പും ശേഷവും വന്ന മന്ത്രിമാര്‍ ലാവ്‌ലിനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

കാബിനറ്റ് രേഖകളിലും പിണറായിക്ക് എതിരെ തെളിവില്ല. ഈ പദ്ധതിക്ക് വേണ്ടി മലബാര്‍ കാന്‍സര്‍ സെന്ററിന് പണം നിക്ഷേപിക്കാമെന്ന കരാറുണ്ടെന്ന സി.ബി.ഐയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പണം കരാറിന്റെ ഭാഗമല്ല. വാഗ്ദാനം മാത്രമാണ്.

കാന്‍സര്‍ സെന്ററിന് നല്‍കാമെന്ന് ലാവ്‌ലിന്‍ ഏറ്റിരുന്ന പണം അവരുടെ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അത് നേടിയെടുക്കാന്‍ 2002ല്‍ വരെ ശ്രമം നടത്തിയെന്നും പിണറായിയുടെ അഭിഭാഷകന്‍ വാദത്തിനിടെ ഉന്നയിച്ചിരുന്നു.

202 പേജുള്ള വിധി ന്യായമാണ് ജസ്റ്റിസ് ഉബൈദ് വായിച്ചത്. വിധി പ്രസ്താവം പൂര്‍ണമായി വായിച്ച ശേഷം മാത്രമേ വാര്‍ത്ത നല്‍കാവൂ എന്ന് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ജഡ്ജി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേസില്‍ വാദം പൂര്‍ത്തിയാശേഷം തനിക്ക് ഊമക്കത്തുകള്‍ ലഭിച്ചെന്നും ജഡ്ജി പറഞ്ഞു. പെട്ടെന്ന് വിധി പ്രസ്താവിക്കാന്‍ തീരുമാനിച്ചത് തെറ്റായി വ്യാഖ്യാനിക്കാതിരിക്കാനാണെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ നിന്ന് കുറ്റമുക്തനായി എന്ന ആശ്വാസം മാത്രമല്ല, രാഷ്ട്രീയമായി വലിയ മൈലേജ് കൂടിയാണ് വിധി പിണറായിക്ക് നല്‍കുന്നത്. സി.ബി.ഐ ബലിയാടാക്കി എന്ന് സി.പി.എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കേന്ദ്രത്തിനെതിരെ ഉപയോഗിക്കാന്‍ സാധിക്കും.

വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചാലും അവിടെയും ഈ വിധിന്യായം ഉന്നയിക്കാന്‍ പിണറായിക്ക് കഴിയും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസിലെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന സി.പി.എമ്മിന്റെ നിലപാടിന് ഊര്‍ജം പകരുന്നതുമാണ് ഇന്നത്തെ വിധി. പാര്‍ട്ടി നിലപാട് കോടതി ശരിവച്ചുവെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം വിധിയോട് ആദ്യം പ്രതികരിച്ചത്.