ദിലീപ് പുറത്തിറങ്ങുമോ?: ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

single-img
23 August 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായതോടെ പ്രോസിക്യൂഷന്റെ വാദത്തിനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വാദം കേട്ട ശേഷം ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വിധി പറയും.

പ്രതിഭാഗത്തിന്റെ വാദമുഖങ്ങളെ എതിര്‍ത്തുകൊണ്ട് കേസിലെ അന്വേഷണ പുരോഗതിയുള്‍പ്പെടെ അധിക കേസ് ഡയറിയും ഇന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കും.

മൂന്നര മണിക്കൂറോളം നീണ്ട വിശദമായ വാദമാണ് ദിലീപിനായി ഹാജരായ അഡ്വ. ബി രാമന്‍പിളള ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയത്. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ അറിയാമായിരുന്നെന്നും ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാകാം തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിലേക്ക് സുനിയെ നയിച്ചിരിക്കുക എന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ: രാമന്‍പിള്ള വാദിച്ചു.

ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട കാര്യമില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫോണ്‍ നശിപ്പിച്ചന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ദിലീപിന് ജാമ്യം അനുവദിക്കണമെന്നും രാമന്‍പിള്ള കോടതിയോട് ആവശ്യപ്പെട്ടു. ഇതിനിടെ നടിയുടെ പേര് പറഞ്ഞ പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു.

അതേസമയം ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണസംഘം രംഗത്തെത്തി. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്ച നടത്തിയതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.