ഓടുന്ന ബസിനുള്ളില്‍ വെച്ച് ഭിന്നശേഷിക്കാരിയായ യുവതിയെ ആറ് യുവാക്കള്‍ മാറിമാറി പീഡിപ്പിച്ചു

single-img
23 August 2017

റാബത്ത്: ഓടുന്ന ബസിനുള്ളില്‍ വെച്ച് ഭിന്നശേഷിക്കാരിയായ യുവതിക്ക് ആക്രമണം. മൊറോക്കോയിലെ കാസാബ്ലാങ്കയിലാണ് ഒരു സംഘം കൗമാരക്കാരായ ആണ്‍കുട്ടികള്‍ യുവതിയെ പരസ്യമായി ഉപദ്രവിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് മൊറോക്കോയില്‍ ഉയരുന്നത്.

ആണ്‍കുട്ടികള്‍ ഉച്ചത്തില്‍ ചിരിക്കുന്നതും യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. യുവതി സഹായത്തിനായി കരഞ്ഞ് വിളിക്കുന്നുണ്ടെങ്കിലും ആരും തന്നെ സഹായത്തിനെത്തുന്നില്ല. ഇതൊന്നും കണ്ടതായി ഭാവിക്കാത്ത രീതിയിലാണ് ബസ് ഡ്രൈവറും സഹയാത്രികരും പെരുമാറുന്നത്.

അതേസമയം ലൈംഗിക ചൂഷണമല്ല ഇതെന്നും എല്ലാവരുടെയും മുന്നില്‍ വെച്ച് ഒരു പൊതുസ്ഥലത്ത് നടന്ന കൂട്ട ബലാത്സംഗം ആണെന്നും ഇതു കാണുമ്പോള്‍ കാട്ടിലാണോ ജീവിക്കുന്നതെന്നു തോന്നുമെന്നും മൊറാക്കന്‍ ഫെഡറേഷന്‍ ഓഫ് ദി ഡെമോക്രാറ്റിക് ലീഗ് ഓഫ് വുമണ്‍സ് റൈറ്റ് പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 15 നും 17 നും ഇടയില്‍ പ്രായമുള്ള ആറ് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് വളരെ ഉയര്‍ന്ന രാജ്യമാണ് മൊറോക്കോ. ശാരീരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നവരാണ് രാജ്യത്തെ മൂന്നില്‍ രണ്ട് സ്ത്രീകളെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പഠനവൈകല്യമുള്ള യുവതിയാണ് ഉപദ്രവത്തിനിരയായതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

അതിനിടെ ആണ്‍കുട്ടികള്‍ക്ക് അനുകൂലമായും ചുരുക്കം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാദിച്ചു. യുവതി മാന്യമല്ലാത്ത വസ്ത്രം ധരിച്ചതുകൊണ്ടാണ് അക്രമത്തിനിരയാകേണ്ടി വന്നതെന്നും തെറ്റ് യുവതിയുടെ ഭാഗത്താണെന്നുമായിരുന്നു അവുടെ വാദം.