യുവതി കാര്‍ വാങ്ങാനെത്തിയത് നാല് ചാക്ക് പണവുമായി; ഷോറൂം ജീവനക്കാര്‍ 12.5ലക്ഷം രൂപ എണ്ണിത്തീര്‍ത്തത് രണ്ടര മണിക്കൂറെടുത്ത്

single-img
23 August 2017

ബെയ്ജിങ്: ചിലപ്പോള്‍ സാധനം വാങ്ങാനെത്തുന്നയാളുകളില്‍ ചിലര്‍ പണം നല്‍കാതെ മുങ്ങി ഷോപ്പിലെ ജീവനക്കാര്‍ക്ക് പണി കൊടുക്കാറുണ്ട്. എന്നാല്‍ നിറയെ പണം നല്‍കിക്കൊണ്ടാണ് ചൈനയിലെ ഒരു ഹോണ്ട കാര്‍ ഷോറൂമിന് യുവതി എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്.

കാര്‍ വാങ്ങാനായി ഷോറൂമില്‍ വന്ന യുവതി ആവശ്യത്തിനുള്ള പണവുമായാണ് എത്തിയത്. പക്ഷേ യുവതി നല്‍കിയ ഫുള്‍ പെയ്‌മെന്റ് കണ്ട് ഷോറൂം ജീവനക്കാര്‍ അമ്പരന്നു പോവുകയായിരുന്നു. നാല് ചാക്കുകളിലായി ഒരു യുവാന്റെ 1,30000 നോട്ടുകളായിരുന്നു (12.5ലക്ഷം രൂപ മൂല്യമുള്ള) യുവതി കൊണ്ടുവന്നത്.

തുടര്‍ന്ന് 20 ജീവനക്കാര്‍ ചേര്‍ന്ന് രണ്ടര മണിക്കൂര്‍ കൊണ്ടാണ് നാല് ചാക്കിലേയും പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ഷോറൂം ജീവനക്കാര്‍ക്ക് പുറമേ കാര്‍ മെക്കാനിക്കുകളേയും കൂടെ കൂട്ടിയാണ് ഈ ‘എണ്ണല്‍ പണി’ പൂര്‍ത്തിയാക്കിയത്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട കാര്‍ ഷോറൂമില്‍ നടന്ന കൗതുകകരമായ ഈ സംഭവം ഷോറൂം മാനേജര്‍ തന്നെയാണ് പുറത്തുവിട്ടത്. ചെറിയ തുകകളായി കാര്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചാണ് ഈ സ്ത്രീ മാനേജരെ ബന്ധപ്പെടുന്നത്. പറ്റുമെന്ന് മാനേജര്‍ ഉറപ്പു നല്‍കിയെങ്കിലും അതൊരു എട്ടിന്റെ പണിയാവുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.

തുടര്‍ന്ന് ഷോറൂമിലെത്തി യുവതി ജീവനക്കാരോട് കാര്‍ തുറന്ന് പണം എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ തുറന്ന ജീവനക്കാര്‍ ഞെട്ടി. നാല് ചാക്ക് നിറയെ പണമായിരുന്നു അവര്‍ കൊണ്ടു വന്നത്. പിന്നെ മറ്റ് ജോലികളെല്ലാം മാറ്റിവച്ച് പണം എണ്ണിത്തിട്ടപ്പെടുത്തലായി എല്ലാവരുടേയും പ്രധാന പണി’. രണ്ട് ലക്ഷം യുവാന്റെ കാര്‍ വാങ്ങിയ അവര്‍ ബാക്കി പണം മൊബൈല്‍ ബാങ്കിംഗിലൂടെ അടച്ചു തീര്‍ത്തുവെന്നും മാനേജര്‍ പറയുന്നു.