ഓണാവധിക്ക് എത്തുന്നവരെ കൊള്ളയടിച്ച് സ്വകാര്യ ബസ്സുകള്‍: ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമിതചാര്‍ജ്

single-img
23 August 2017

കോട്ടയം: കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ വെട്ടിക്കുറച്ചത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഓണാവധിക്ക് നാട്ടിലെത്തുന്ന മലയാളികളെയാകെ ദുരിതത്തിലാക്കി. ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഓണം ആഘോഷിക്കാന്‍ എത്തുന്ന മലയാളികളാണ് ടിക്കറ്റിനായി വലയുന്നത്. വേണ്ടത്ര സര്‍വ്വീസുകള്‍ ലഭ്യമല്ലാതായതോടെ സീസണ്‍ മുതലെടുത്ത് അമിതചാര്‍ജ് ഈടാക്കുന്ന സ്വകാര്യ ലക്ഷ്വറി ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണിവര്‍.

മുന്‍വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താത്തതാണ് പ്രശ്‌നം. അവധിക്കാലം പ്രമാണിച്ച് ഈ മാസം 30 മുതല്‍ അടുത്ത മാസം 12 വരെ ബെംഗളൂരുവില്‍ നിന്നും 18 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയില്‍ അഞ്ചെണ്ണം ഒഴികെ മുഴുവന്‍ മലബാര്‍ മേഖലയിലേക്കാണ് ഓടുന്നത്. ഇതോടെ മധ്യതെക്കന്‍ കേരളത്തിലെ യാത്രക്കാരെയാണ് ദുരിതം കൂടുതല്‍ ബാധിക്കുക

ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി അധികം അനുവദിച്ചത് ഒരു സര്‍വീസ് മാത്രമാണ്. അതാവട്ടെ ദൂരം കൂടുതലുള്ള മാനന്തവാടി വഴിയാണ്. കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ ജില്ലകളിലേക്ക് ഒറ്റ സ്‌പെഷ്യല്‍ സര്‍വീസുമില്ല. ബംഗളൂരുവിലെയും ചെന്നൈയിലെയും യാത്രക്കാര്‍ ഏറെയും മധ്യകേരളത്തില്‍നിന്നുള്ളവരാണ്.

ഇത് കണക്കിലെടുത്ത് മുന്‍വര്‍ഷങ്ങളില്‍ ഓണക്കാലത്ത് കോട്ടയം വഴി അധിക സര്‍വീസുകള്‍ അനുവദിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം രണ്ട് സര്‍വീസ് ഉണ്ടായിരുന്നു. കോട്ടയത്തുനിന്ന് നിലവില്‍ മൂന്ന് സര്‍വീസാണ് ബംഗളൂരുവിലേക്ക് നടത്തുന്നത്. സേലം വഴി വോള്‍വോയും മൈസൂര്‍ വഴി സൂപ്പര്‍ ഡീലക്‌സും കോട്ടയം ഡിപ്പോയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും വരുന്ന സൂപ്പര്‍ ഡീലക്‌സുമാണ് സര്‍വീസുകള്‍.

ഓണവും പെരുന്നാളും ഒന്നിച്ചെത്തുന്നതിനാല്‍ മൂന്നു സര്‍വീസിന്റെയും ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തിയതികളിലെ ടിക്കറ്റുകള്‍ പൂര്‍ണമായും ബുക്ക് ചെയ്തിരിക്കുകയാണ്.ഇതോടെ ലോട്ടറിയടിച്ചിരിക്കുന്നത് സ്വകാര്യബസ് സര്‍വ്വീസുകള്‍ക്കാണ്. ട്രെയിന്‍ ടിക്കറ്റുകള്‍ കൂടി ലഭിക്കാതെ വരുമ്പോള്‍ ഈ നഗരങ്ങളില്‍ നിന്നും നാട്ടിലേക്കെത്തുന്നതിനായി ഇവിടെയുള്ളവര്‍ സാധാരണ സ്വകാര്യ ബസ് സര്‍വ്വീസുകളെയാണ് ആശ്രയിക്കുക. പക്ഷേ അവധിക്കാലം മുതലെടുത്ത് വന്‍കൊള്ളയ്ക്ക് തന്നെ തയ്യാറെടുത്തിരിക്കുകയാണിവര്‍.

അവധി സീസണ്‍ ആയതോടെ സാധാരണ ചാര്‍ജില്‍ നിന്നും നാലിരട്ടിയിലധികം തുകയാണ് ഇപ്പോള്‍ സ്വകാര്യബസ് ലോബികള്‍ ഈടാക്കുന്നത്. അതായത് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ ഓണസമയത്ത് ബാംഗ്ലൂരില്‍ നിന്നു തൃശൂരിലേക്ക് ബസില്‍ എത്തണമെങ്കില്‍ 3500 രൂപയോളം മുടക്കണമെന്ന് ചുരുക്കം.

സാധാരണ ഇത്തരത്തിലുള്ള ഒരു യാത്രയില്‍ 850-1700 രൂപ മാത്രം മുടക്കേണ്ടി വരുമ്പോള്‍ ഉത്സവ സീസണിലെ കൊള്ളലാഭം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. തിരക്കു വര്‍ധിക്കുന്നതോടെ ഇതേ ടിക്കറ്റിനു 5000 രൂപവരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.