വര്‍ഗ്ഗീയ വിഷം ചീറ്റി ആര്‍എസ്എസ് നേതാവ്: ‘ഹിന്ദുക്ഷേത്രമായിരുന്ന അര്‍ത്തുങ്കല്‍ പള്ളി വീണ്ടെടുക്കുകയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടത്’

single-img
23 August 2017

കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ത്തെറിയുന്ന തരത്തില്‍ വര്‍ഗ്ഗീയ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ്. ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായ ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും അത് വീണ്ടെടുക്കുകയാണ് ഇനി ഹിന്ദുക്കളുടെ ജോലിയെന്നും മോഹന്‍ദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നു.

അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയതാണെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാലും ഹിന്ദുക്കള്‍ ആ ദിശനോക്കി പ്രാര്‍ത്ഥിക്കുന്നു. അതാണ് വെളുത്തച്ഛന്‍. മാത്രമല്ല ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുകയും മാലയൂരുകയും ചെയ്യുന്ന വെളുത്തച്ചന്‍ പള്ളിയുടെ പഴയ ശ്രീകോവിലാണെന്നുമാണ് മോഹന്‍ദാസിന്റെ കണ്ടെത്തല്‍.

പളളിയുടെ അള്‍ത്താര പണിക്കിടയില്‍ പൊളിഞ്ഞുവീണ് കൊണ്ടേയിരുന്നു. പരിഭ്രമിച്ച പാതിരിമാര്‍ ജോത്സ്യനെക്കണ്ടു. ആ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്തുനിന്നും അള്‍ത്താര മാറ്റി. പഴയ ശ്രീകോവിലിന് നേര്‍ക്ക് നോക്കി ഹിന്ദുക്കള്‍ പ്രാര്‍ത്ഥിച്ച് മാല ഊരാന്‍ തുടങ്ങിയെന്നും മോഹന്‍ദാസ് പറയുന്നു.

വാസ്തവത്തില്‍ അര്‍ത്തുങ്കല്‍ പളളിയില്‍ എഎസ്‌ഐ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. വെളുത്തച്ഛന്‍ എന്നൊക്കെ നമ്പറടിക്കുന്നവര്‍ അര്‍ത്തുങ്കല്‍ പളളിയുടെ ഉള്‍വശം ഒന്ന് കാണിക്കാന്‍ പോലും കഴിവില്ലാത്തവരാണ്. അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നും ട്വിറ്ററിലൂടെ മോഹന്‍ദാസ് ആഹ്വാനം ചെയ്യുന്നു.

ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തര്‍ പള്ളിയില്‍ വെളുത്തച്ചന്റെ സവിധത്തിലെത്തി മാലയൂരുന്ന ചടങ്ങുണ്ട്. ഈ ചടങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മോഹന്‍ദാസ് പള്ളിക്കെതിരെ വിദ്വേഷ പ്രചരണവുമായി രംഗത്തുവന്നിരിക്കുന്നത്. അതേസയം ആര്‍ എസ് എസ് നേതാവിന്റെ വ്യാജപ്രചരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.