മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലേക്ക് ജനരക്ഷാ യാത്രയുമായി അമിത് ഷാ എത്തും

single-img
23 August 2017


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലേക്ക് ജനരക്ഷാ യാത്രയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തും. സെപ്റ്റംബര്‍ ഏഴിനു പയ്യന്നൂരില്‍ തുടങ്ങുന്ന യാത്രയുടെ ആദ്യ മൂന്നു ദിവസം ജാഥാംഗമായി അമിത് ഷാ ഉണ്ടാകുമെന്ന് ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് അറിയിച്ചു. മൂന്നാം ദിവസമാണു ജാഥ പിണറായി വഴി കടന്നുപോകുക.

മറ്റു ജില്ലകളിലും ചില സ്ഥലങ്ങളില്‍ അമിത് ഷാ ജാഥയിലുണ്ടാകും. 23നു തിരുവനന്തപുരത്താണു ജനരക്ഷാ യാത്ര സമാപിക്കുക. 13 സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും അഞ്ചു സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പലയിടങ്ങളിലായി യാത്രയെ അനുഗമിക്കും. മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്കും ജിഹാദി ഭീകരതയ്ക്കുമെതിരായ പ്രചാരണത്തിന്റെ ഭാഗമാണു ജനരക്ഷായാത്രയെന്നു കൃഷ്ണദാസ് പറഞ്ഞു.

രണ്ടു ഭീകരതകളും ഒരു പോലെ ഭീഷണിയുയര്‍ത്തുന്ന ഏക സംസ്ഥാനമാണു കേരളം. മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണു ജിഹാദികളുടെ ആയുധപരിശീലനം. ഭീകരവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേരളം തയ്യാറാവാത്തതു ഭീകരരോടുള്ള മൃദുസമീപനത്തിനു തെളിവാണെന്നും കൃഷ്ണദാസ് പറഞ്ഞു. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍, കേരളം ഭരിക്കുന്നതു കമ്യൂണിസ്റ്റ് സര്‍ക്കാരാണോ നാടുവാഴികളാണോ എന്നു ഹൈക്കോടതി ചോദിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടിട്ടുണ്ട്.