വരാപ്പുഴ പീഡനം: ശോഭാ ജോണിന് 18 വര്‍ഷം കഠിനതടവ്

single-img
22 August 2017

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ പ്രതി ശോഭ ജോണിനെ 18 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ കേണല്‍ ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ശോഭ ജോണ്‍ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.

കേസില്‍ ശോഭ ജോണും കേണല്‍ ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പീഡനവുമായി ബന്ധപ്പെട്ട 36 കേസുകളില്‍ ആദ്യകേസിലെ വിധിയാണ് ഇന്നലെ ഉണ്ടായതെങ്കിലും വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എട്ട് പ്രതികളിലെ പെണ്‍കുട്ടിയുടെ സഹോദരി അടക്കമുള്ള അഞ്ച് പേരെ കോടതി വെറുതേ വിട്ടിരുന്നു.

2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വിവിധ സ്ഥലങ്ങളിലെത്തി പലര്‍ക്കായി വില്‍ക്കുകയും ചെയ്തു എന്നാണ് ശോഭാ ജോണിനെതിരെയുള്ള കേസ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള മകനുണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് ചെയ്യണമെന്നും ശോഭാ ജോണ്‍ കോടതിയെ അറിയിച്ചിരുന്നു. ഈ ആവശ്യം കോടതി പരിഗണിച്ചില്ല.

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ജയരാജന്‍ നായര്‍ക്കെതിരെയുള്ള കേസ്. തനിക്ക് 73 വയസുണ്ടെന്നും രാജ്യസേവനം നടത്തിയ വ്യക്തിയാണെന്നും ജയരാജന്‍ നായര്‍ കോടതിയില്‍ പറഞ്ഞിരുന്നു.