ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

single-img
22 August 2017

ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ത്തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി ബഹളം വയ്ക്കുകയായിരുന്നു. ആരോഗ്യമന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ശൈലജ രാജിവയ്ക്കുക, ഇല്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് മുഖ്യമന്ത്രി പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ഇതിനിടെ മെഡിക്കല്‍ പ്രവേശനത്തിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോടതിയില്‍ നിന്നും സര്‍ക്കാര്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. മെഡിക്കല്‍ പ്രവേശനം താറുമാറാക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നും വി.ഡി സതീശന്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പറഞ്ഞു.

അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം തുടരുകയാണ്. വി.പി.സജീന്ദ്രന്‍, എന്‍.ഷംസുദ്ദീന്‍, റോജി എം.ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ടി.വി.ഇബ്രാഹിം എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്. സമ്മേളനം അവസാനിക്കുന്ന വ്യാഴാഴ്ച വരെ സത്യാഗ്രഹം തുടരാനാണ് തീരുമാനം. മന്ത്രി കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ഇന്നു പന്തംകൊളുത്തി പ്രകടനം നടത്തും.