മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി

single-img
22 August 2017

ന്യൂഡല്‍ഹി: മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിലയിരുത്തല്‍. അനുരഞ്ജനത്തിനുള്ള സാധ്യത പോലും അനുവദിക്കാതെ വാക്കാല്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നത് ഭരണഘടന മുസ്ലീം സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നാണ് കോടതി വിലയിരുത്തിയത്. മുത്തലാഖിന് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തി കൊണ്ടുള്ള സുപ്രീം കോടതി വിധിയുടേതാണ് നിരീക്ഷണം.

മുസ്ലിം സ്ത്രീകളുടെ മൗലീകാവകാശം, വ്യക്തിസ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്മേലുള്ള വാദങ്ങള്‍ പരിശോധിച്ചശേഷമായിരുന്നു സുപ്രീം കോടതിയുടെ വിധി. ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം ആരാധനയ്ക്കും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യത്തിനു കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍? മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനാ സാധുതയുണ്ടോ? തുല്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങളും കോടതി വിലയിരുത്തി.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേര്‍ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അഭിപ്രായത്തില്‍ സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു. മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.

സൃഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്നായിരുന്നു സൈറ ബാനുവിന്റെ അഭിഭാഷകന്റെ വാദം. മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നുമുള്ള നിര്‍ദേശം പാസാക്കിയിരുന്നതായും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

മൂന്നുകോടി മുസ്ലിം സ്ത്രീകള്‍ മുത്തലാഖിനെ അനുകൂലിച്ചു ഭീമഹര്‍ജി തയാറാക്കിയിരുന്നു. ബാഹ്യ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ഒന്നു രണ്ടുവര്‍ഷത്തിനകം മുത്തലാഖ് നിര്‍ത്തലാക്കുമെന്നുമായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി ഏകീകൃത സിവില്‍കോഡിന്റെ ആദ്യ പടിയെന്നാണ് സൂചന. നേരത്തെ, ഏകീകൃത സിവില്‍കോഡ് നടപ്പാക്കി രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്ന് പ്രതിപാദിക്കുന്ന ഭരണ ഘടനയുടെ 44ആം വകുപ്പിനെക്കുറിച്ച് അറിയാമോ എന്ന് കേന്ദസര്‍ക്കാര്‍ ഒരു ചോദ്യാവലിയില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനു കൂടി അനുകൂലമായ സുപ്രീം കോടതി വിധി വന്നത്.