എസ്ബിഐ ഉപഭോക്താക്കള്‍ പുതിയ എടിഎം കാര്‍ഡുകള്‍ വാങ്ങണം: പഴയ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും

single-img
22 August 2017

ന്യൂഡല്‍ഹി: രാജ്യത്ത് എടിഎം ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി എസ്ബിഐ. മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി പകരം ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് എസ്ബിഐയുടെ പുതിയ തീരുമാനം.

ഇതിന്റെ ഭാഗമായി പഴയ മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചു. എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ മാറ്റി വാങ്ങണമെന്നും എസ്ബിഐ അറിയിച്ചു.

കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും എസ്ബിഐ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. ഇത്തരത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ള കാര്‍ഡ് ഉടമകള്‍ ഉടന്‍തന്നെ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ബാങ്ക് മുഖേന നേരിട്ടോ പുതിയ കാര്‍ഡിന് അപേക്ഷിക്കുകയാണ് വേണ്ടതെന്നും എസ്ബിഐ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം കൂടുതല്‍ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന എസ്ബിഐ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് വലിയൊരു ശതമാനം ജനങ്ങളെയും ബാധിക്കും. 2016ല്‍ എസ്ബിഐയുടെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനു പിന്നാലെ 6 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്തിരുന്നു.

മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് കാര്‍ഡുകളേക്കാള്‍ സുരക്ഷിതമാണ് ഇവിഎം ചിപ്പുള്ള കാര്‍ഡുകള്‍. കാര്‍ഡിലെ എന്‍ക്രിപ്റ്റ് ചെയ്ത് വിവരങ്ങള്‍ കോപ്പി ചെയ്‌തെടുക്കാന്‍ കഴിയില്ലെന്നതാണ് കാര്‍ഡിന്റെ മേന്മ. പുതുതലമുറ ബാങ്കുകളും റിസര്‍വ്വ് ബാങ്ക് നിര്‍ദേശ പ്രകാരം ഇവിഎം ചിപ്പിലേക്ക് മാറുകയാണ്.