മുത്തലാഖ് വിധി മാധ്യമങ്ങള്‍ ആദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനു കാരണം ഇതാണ്

single-img
22 August 2017

മുത്തലാഖില്‍ ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരും പ്രത്യേകം വിധി പ്രസ്താവം നടത്തുകയായിരുന്നു. ആദ്യം വിധി വായിച്ച ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന നിലപാടാണെടുത്തത്. ഇതോടെ മുത്തലാഖിലെ സുപ്രീം കോടതി വിധി ഇതാണെന്ന തെറ്റിധാരണക്ക് ഇടയാക്കി. ഇതോടെ മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തയും നല്‍കി.

എന്നാല്‍ ഭരണഘടനാ ബെഞ്ചിലെ മറ്റ് മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ ബെഞ്ചിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരം മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി. ഈ വിധിയോടുകൂടി പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടു വന്നില്ലെങ്കിലും മുത്തലാഖ് ഇനിമുതല്‍ ഭരണഘടനാ വിരുദ്ദമായി നിലനില്‍ക്കും.

യുയു ലളിത്, റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ദമാണെന്ന് നിലപാടെടുത്തത്. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ മാത്രമാണ് ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് യോജിച്ചത്. കേസില്‍ പ്രത്യേകം വിധി പ്രസ്താവിച്ച മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ത്യയില്‍ വ്യക്തി നിയമങ്ങള്‍ക്ക് നിയമസാധുതയുണ്ടെങ്കിലും മുത്തലാഖ് വ്യക്തി നിയമത്തിന് കീഴില്‍ വരില്ലെന്ന് നിലപാടെടുത്തു.