രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി

single-img
22 August 2017

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് വൈക്കം പൊലീസില്‍ പരാതിനല്‍കി. വീട്ടില്‍ കയറി സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍ പരാതി നല്‍കിയത്.

അനുമതിയില്ലാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും എന്നും രാഹുല്‍ ഈശ്വര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പ്രാഥമിക പരിശോധനയ്ക്കുശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.

രാഹുല്‍ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. ഹാദിയ മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പൊലീസ് കാവലില്‍ കഴിയുകയാണ്.

ഹാദിയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കയറിയത്. വീട്ടിലെത്തി ഹാദിയയുടെ പിതാവ് അശോകനോടും മാതാവ് പൊന്നമ്മയോടും സംസാരിച്ച രാഹുല്‍ ഈശ്വര്‍ ഇവരോടൊപ്പം നില്‍ക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

ഹാദിയ അമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായും ഹിന്ദു ദൈവങ്ങള്‍ ശരിയല്ലെന്ന് ഹാദിയ പറഞ്ഞതായും ഉള്ള മേല്‍ക്കുറിപ്പോടു കൂടിയായിരുന്നു ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ലൗവ് ജിഹാദ് ടേപ്പ് എന്ന ഹാഷ് ടാഗിലായിരുന്നു പോസ്റ്റുകളെല്ലാം.

താന്‍ നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും ഹദിയ ചോദിക്കുന്നു. പക്ഷെ ഹദിയ പറയുന്നത് മുഴുമിപ്പിക്കാന്‍ രാഹുല്‍ ഈശ്വര്‍ അനുവദിക്കുന്നില്ല. വിവാഹമാണോ മതംമാറ്റമാണോ വിഷമിപ്പിച്ചതെന്ന് രാഹുല്‍ ഈശ്വര്‍ പൊന്നമ്മയോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.