‘ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍’

single-img
22 August 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നും അത് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സാഹചര്യത്തെളിവുകളടക്കമുളള ശക്തമായ തെളിവുകളുണ്ട്.

കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയില്‍ നിന്നുളളവരാണ്. സാമ്പത്തികമായും അല്ലാതെയും വലിയ സ്വാധീനശക്തിയുളള ദിലീപിനേപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷികളെയെല്ലാം സ്വാധീനിക്കുമെന്നും കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. കേസിന്റെ കുറ്റപത്രവും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സമര്‍പ്പിക്കും. വിചാരണ നടപടികളും ഉടന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ത്തുന്നെ ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യൂഷന്‍ വാദം.

കഴിഞ്ഞ വെളളിയാഴ്ചയാണ് ദിലീപ് രണ്ടാം തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.