മുത്തലാഖ് വിധി ചരിത്രപരമെന്ന് മോദി: പിന്തുണച്ച് സാംസ്‌കാരിക പ്രവര്‍ത്തകരും മുസ്ലിം സ്ത്രീകളും

single-img
22 August 2017

 

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതും സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകരുന്നതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. വിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.

അതേസമയം വിധിയെ സ്വാഗതം ചെയ്ത് സാംസ്‌കാരിക പ്രവര്‍ത്തകരും മുസ്ലീം സ്ത്രീകളും രംഗത്ത് എത്തി. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്ത്രീവിരുദ്ധമായ ഇത്തരം രീതികള്‍ തുടരാന്‍ പാടില്ലെന്നും സാമൂഹിക പ്രവര്‍ത്തകര്‍ വിലയിരുത്തി. അതേസമയം വിഷയത്തിന്റെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും അനുകൂലമായ തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും ഇവര്‍ പറഞ്ഞു.

മുത്തലാഖ് നിയമവിരുദ്ധമാക്കിയ സുപ്രീം കോടതി വിധിയില്‍ അതിയായ സന്തോഷവും ആഹഌദവും ഉണ്ടെന്ന് എംഎന്‍ കാരശ്ശേരി പ്രതികരിച്ചു. മുത്തലാഖ് എകപക്ഷീയമായ രീതിയാണ്. സ്വതന്ത്രമായ ഒരു രാജ്യത്ത് ജീവിക്കുന്ന പൗരന് കിട്ടുന്ന അവകാശം മുസ്ലിം സ്ത്രീയ്ക്കും കിട്ടണം. കോടതിയുെട അനുമതിയോടെ മാത്രമേ വിവാഹ മോചനം നടക്കാന്‍ പാടുള്ളു. ഇത് മുസ്ലിം സമുദായത്തിന് എതിരായുള്ള വിധിയല്ല. മുസ്ലിം സ്ത്രീകളുടെ അവകാശമാണ്. സ്ത്രീവിരുദ്ധമായ ഇത്തരം രീതികള്‍ക്ക് മാറ്റം ഉണ്ടാവുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താത്ക്കാലിക നിരോധനത്തോടെ മുസ്ലീം സ്ത്രീകള്‍ക്ക് പൂര്‍ണമായ നീതി ഉറപ്പാക്കാന്‍ സാധിക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്ന് എന്‍.പി ചേക്കുട്ടി അഭിപ്രായപ്പെട്ടു. സിവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട നിയമം വളരെ വിഷമം പിടിച്ച കാര്യമാണ്. അത്ര അനായാസമായി അത് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിധിയില്‍ ആശയക്കുഴപ്പങ്ങളുണ്ടെന്നും വിധി പഠിച്ച ശേഷം ഔദ്യോഗിക പ്രതികരണം അറിയിക്കാമെന്നും ജമാഅത്തെ ഇസ്ലാമി വനിതാ സംഘടന അംഗമായ നാസിറ പറഞ്ഞു. മുത്തലാഖിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് സൈറ ബാനു കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു.

മുസ്ലിം സ്ത്രീയ്ക്ക് ഇത് ചരിത്രപരമായ ദിവസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് വഴി വിവാഹ മോചനം ചെയ്യപ്പെട്ട അഫ്രീന്‍ റഹ്മാന്‍ വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സ്ത്രീകളെ ചെരുപ്പ് പോലെ വലിച്ചെറിയുന്ന ക്രൂരതായ മുത്തലാഖ് അവസാനിക്കും എന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു.