ആന്‍ഡ്രോയിഡ് ‘ഓറിയോ 8.0’ ഗൂഗിള്‍ പുറത്തിറക്കി

single-img
22 August 2017

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ എട്ടാമത്തെ പതിപ്പായ ആന്‍ഡ്രോയിഡ് ‘ഓറിയോ 8.0’ ഗൂഗിള്‍ പുറത്തിറക്കി. ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കിലായിരുന്നു ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ്. സൂര്യനും ചന്ദ്രനും ആകാശത്ത് സൃഷ്ടിക്കുന്ന ഒ ആകൃതിക്ക് സമാനമാണ് ഓറിയോ എന്ന് വിശേഷിപ്പിച്ചാണ് എട്ടാം പതിപ്പ് പുറത്തിറക്കിയത്.

ഓട്ട്മീല്‍ കുക്കി, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് പ്രശസ്ത ബിസ്‌ക്കറ്റിന്റെ പേരായ ഓറിയോയെ തന്നെ ഗൂഗിള്‍ തെരഞ്ഞെടുത്തത്. കൂടുതല്‍ സ്മാര്‍ട്ടും സുരക്ഷിതവും കരുത്തുള്ളതുമാണ് ഈ ഓറിയോയെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. ഓറിയോയുടെ ലോഞ്ചിംങ് യു ട്യൂബ് വഴി ലൈവുണ്ടായിരുന്നു. മികച്ച ബാറ്ററി പെര്‍ഫോമന്‍സാണ് ഓറിയോയുടെ പ്രത്യേകത.

ഐക്കണ്‍ ഷേപ്‌സ്, നോട്ടിഫിക്കേഷന്‍ ഡോട്ട്‌സ്, സ്മാര്‍ട് ടെക്സ്റ്റ് സെലക്ഷന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, തുടങ്ങി ഒട്ടേറെ ഫീച്ചറുകളുമായാണ് ആന്‍ഡ്രോയ്ഡ് ഒ എത്തിയിരിക്കുന്നത്. ഇതില്‍ ചില ഫീച്ചറുകള്‍ ഗൂഗിള്‍ പിക്‌സല്‍ നെക്‌സസ് ഫോണുകളില്‍ മാത്രമേ ആദ്യ ഘട്ടത്തില്‍ ലഭ്യമാവുകയുള്ളൂ.

മറ്റു ഫോണുകളിലേക്ക് ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തണമെങ്കില്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. 14 ശതമാനം സ്മാര്‍ട്‌ഫോണുകള്‍ മാത്രമാണ് ഓറിയോയ്ക്ക് മുമ്പുള്ള ആന്‍ഡ്രോയിഡ് പതിപ്പായ ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് പുതിയ പതിപ്പ് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭ്യമാവുകയുള്ളു. ആഗോളതലത്തില്‍ പ്രചാരത്തില്‍ എത്തണമെങ്കില്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് സൂചന.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പണ്‍സോഴ്‌സ് പ്രോജക്ട് വഴിയും ഓറിയോ ലഭ്യമാകും. ഒയുടെ റിലീസിന്റെ കൗണ്ട്ഡൗണ്‍ ആന്‍ഡ്രോയ്ഡ് വെബ്‌പേജില്‍ ഗൂഗിള്‍ നടത്തിയിരുന്നു ഇതിനൊടുവിലായിരുന്നു യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ്. ആന്‍ഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവും ഇത്തവണ ഗൂഗിള്‍ തെറ്റിച്ചില്ല.

ആന്‍ഡ്രോയ്ഡ് നാലാം പതിപ്പിന്(4.4) കിറ്റ് കാറ്റ് എന്നായിരുന്നുപേര്. അന്ന് കിറ്റ്കാറ്റ് നിര്‍മാതാക്കളായ നെസ്ലെയുമായി സഹകരിച്ചായിരുന്നു ഗൂഗിളിന്റെ പ്രവര്‍ത്തനം. സമാനമായ രീതിയില്‍ ഓറിയോ നിര്‍മാതാക്കളായ നബിസ്‌കോ കമ്പനിയുമായും ഗൂഗിള്‍ ബന്ധം സ്ഥാപിക്കുമെന്നാണു കരുതുന്നത്.