‘താഷി ദേ ലേ’; മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഭൂട്ടാനില്‍ നിന്ന് മോഹന്‍ലാലിന്റെ ബ്ലോഗ്

single-img
22 August 2017

ഷൂട്ടിങ് തിരക്കുകള്‍ കാരണം കുറച്ചു മാസങ്ങളായി മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറില്ലായിരുന്നു. എന്നാല്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ബ്ലോഗ് വീണ്ടുമെത്തിയിരിക്കുകയാണ്. യാത്രക്കിടെ ഹിമാലയ പര്‍വ്വത നിരകള്‍ക്ക് നടുവിലെ കൊച്ചുരാജ്യമായ ഭൂട്ടാനിലിരുന്നാണ് താരം ഇക്കുറി ബ്ലോഗ് എഴുതിയിരിക്കുന്നത്.

ഭൂട്ടാന്‍ എന്ന രാജ്യത്തിന്റെ പ്രത്യേകതകളും അവിടുത്ത ജനങ്ങളുടെ ജീവിത രീതികളും അവര്‍ സന്തോഷത്തിന് കൊടുക്കുന്ന പ്രാധാന്യവും ഓണവുമായി ബന്ധപ്പെടുത്തിയുള്ളതാണ് കുറിപ്പ്. ‘താഷി ദേ ലേ’ എന്ന് ഭൂട്ടാന്‍ ഭാഷയിലാണ് ബ്ലോഗ് ആരംഭിക്കുന്നത്.

ഹിമാലയ പര്‍വ്വതങ്ങള്‍ക്ക് നടുവിലെ കൊച്ചു രാജ്യമായ ഭൂട്ടാനില്‍ ഇരുന്നാണ് ഇത് എഴുതുന്നത്. നാട്ടില്‍ ഇപ്പോള്‍ ഓണമാസം പിറന്നു കഴിഞ്ഞിരിക്കണം. ഒരു നല്ല കാലത്തെയും നീതി പൂര്‍വ്വമായ ഭരണരീതിയെയും നന്മ മാത്രമുള്ള മനുഷ്യരേയും കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ലോകമെങ്ങുമുള്ളവര്‍ കേരളത്തിന്റെ ഒരു മിത്തിലേക്ക് വിരല്‍ ചൂണ്ടും. മിത്താണെങ്കിലും അതിശയോക്തിയാണെങ്കിലും ശരി, ഓണം സന്തോഷത്തിന്റെ നിറങ്ങള്‍ കൊണ്ടുമാത്രം എഴുതിയതാണെന്നും താരം പറയുന്നു.

മനുഷ്യന്‍ ചെയ്യുന്നതെല്ലാം സുഖത്തിനും ആനന്ദത്തിനും വേണ്ടി തന്നെയാണ് എന്നിട്ടും എത്രപേര്‍ സുഖവും അതിന്റെ ഭാഗമായുള്ള ആനന്ദവും അനുഭവിക്കുന്നു? ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനാണ് സന്തോഷവതിയാണ് എന്ന് തുറന്നു പറയുന്ന എത്ര പേരുണ്ട് നമുക്കൊപ്പം? നന്മയുടെയും സന്തോഷത്തിന്റെയും ആഘോഷമായ ഓണത്തിന്റെ സ്വന്തം നാട്ടിലും ഏതെങ്കിലും തരത്തില്‍ ചിലരെങ്കിലും ദു:ഖത്തിലായിരിക്കും എന്ന് താരം വ്യക്തമാക്കുന്നു.

ലോകത്തിന് സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോ..? ഉണ്ട് എന്ന് അടുത്തകാലത്തെ ചില വാര്‍ത്തകള്‍ പറയുന്നു. ആ ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണ്. അദ്ഭുതകരമായ ഈ ദേശത്തെ കാഴ്ചകളും അനുഭവങ്ങളും ആനന്ദ കാഴ്ചകളും തിരിച്ചെത്തിയതിനുശേഷം എഴുതാം. എന്തുകൊണ്ടാണ് ഇവര്‍ സന്തോഷവാന്മാരായിരിക്കുന്നത് എന്നും ഓണത്തിന്റെ ദേശമായ നാം സന്തോഷത്തില്‍നിന്നും ഏറെ അകലെയായിരിക്കുന്നത് എന്നും എനിക്ക് മനസ്സിലായി. അടുത്ത തവണ അത് പങ്കുവയ്ക്കാമെന്നും മോഹന്‍ലാല്‍ ഉറപ്പ് പറയുന്നു.

ഭൂട്ടാനീസ് ഭാഷയില്‍ വായനക്കാര്‍ക്ക് നന്മകള്‍ നേര്‍ന്നുകൊണ്ടാണ് (താഷി ദേ ലേ) മോഹന്‍ ലാല്‍ ബ്ലോഗ് പൂര്‍ത്തിയാക്കുന്നത്.

‘അങ്ങിനെ ഓണത്തിന്റെ മിത്ത് ശരിയാണ് എന്ന് കൂടുതല്‍ നാം വിശ്വസിച്ച് പോവുന്നു. എല്ലാ മനുഷ്യരും സുഖവും അതില്‍ നിന്നുണ്ടാവുന്ന ആനന്ദവുമാണ് അന്വേഷിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്നതെല്ലാം സുഖത്തിനും ആനന്ദത്തിനും വേണ്ടിതന്നെയാണ് എന്നിട്ടും എത്ര പേര്‍ സുഖവും അതിന്റെ ഭാഗമായുള്ള ആനന്ദവും അനുഭവിക്കുന്നു? എല്ലാവരും ഏതെങ്കിലും തരത്തില്‍ ദു:ഖിതരായിരിക്കും. നന്മയുടെ സന്തോഷത്തിന്റെയും ആഘോഷമായ ഓണത്തിന്റെ സ്വന്തം നാട്ടിലും.

ലോകത്ത് സന്തോഷത്തിന് മാത്രമായ ഒരു ദേശമുണ്ട്. ആ ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണ്. പര്‍വ്വതങ്ങള്‍ക്കിടയില്‍ ഇന്ത്യയുമായും ചൈനയുമായും അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന ഈ രാജ്യം സന്തോഷത്തിനും ആനന്ദത്തിലും വലിയ പങ്ക് നല്‍കുന്നു. മറ്റ് ലോകരാജ്യങ്ങളെല്ലാം മൊത്തം ആഭ്യന്തര ഉല്‍പാദനം ത്ങ്ങളുടെ ദേശത്തിന്റെ പുരോഗതിയുടെ അടയാളമായി കണക്കാക്കുമ്പോള്‍ ഭൂട്ടാന്‍ സ്വന്തം ദേശത്തിന്റെ മൊത്തം ആനന്ദത്തെയാണ് പുരോഗതിയായി കണക്കാക്കുന്നത്.

ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) സാമ്പത്തിക മേഖലയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ ജിഎന്‍എച്ച് (ഗ്രോസ് നാഷണല്‍ ഹാപ്പിനസ്സ്) തത്വചിന്തയ്ക്ക് മുന്‍ഗണന നല്‍കുന്നു. ലോകം ദു:ഖമയമാണ് എന്ന് പറഞ്ഞ ബുദ്ധനെ ആരാധിയ്ക്കുന്ന ഒരു ദേശം മുന്‍ഗണന നല്‍കുന്നത് സന്തോഷത്തിന് സ്വന്തം ജീവിതത്തിന്റെ സവിശേഷമായ ക്രമീകരണത്തിലൂടെയും എല്ലാ കാര്യങ്ങളോടുമുള്ള വ്യത്യസ്തമായ സമീപനങ്ങളിലൂടെയും അവര്‍ ആ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

ഭൂട്ടാന്‍ അവരുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും നിലനിര്‍ത്തുന്നതും അതിനെ ദേശത്തിന്റെ അഭിമാനത്തിന്റെ മാനകമായി ഉയര്‍ത്തിക്കാണിക്കുന്നതും മനസിലാക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. സന്തോഷം തേടി മനുഷ്യന്‍ ലോകം മുഴുവന്‍ അലയുന്നത് പോലെ സന്തോഷത്തിന്റെ ദേശം തേടി പല നാടുകള്‍ക്ക് മുകളിലൂടെ പറന്നാണ് ഞാന്‍ ഈ ദേശത്തിന്റെ തലസ്ഥാനമായ തിമ്പുവിലും പുരാതന നഗരമായ പാരോയിലും എത്തിയത്. അത്ഭുതകരമായ ഈ ദേശത്തെ കാഴ്ച്ചകളും അനുഭവങ്ങളും ആനന്ദക്കാഴ്ച്ചകളും ഞാന്‍ തിരിച്ചെത്തിയതിന് ശേഷം എഴുതാം. എന്തുകൊണ്ടാണ് ഇവര്‍ സന്തോഷവാന്മാരായിരിക്കുന്നത് എന്നും ഓണത്തിന്റെ ദേശമായ നാം സന്തോഷത്തില്‍ നിന്ന് ഏറെ അകലെയായിരിക്കുന്നത് എന്നും എനിയ്ക്ക് മനസ്സിലായി. അത് പങ്ക് വെയ്ക്കാം, അടുത്ത തവണ’.